ഐഎപിസി അന്താരാഷ്ട്ര മാധ്യമ സമ്മേളനത്തിന് ന്യൂയോര്‍ക്കില്‍ പ്രൗഢോജ്ജ്വല കിക്ക് ഓഫ്

Webdunia
ശനി, 13 ഓഗസ്റ്റ് 2016 (17:08 IST)
ഇന്‍ഡോ- അമേരിക്കന്‍ പ്രസ്‌ക്ലബ് (ഐഎപിസി) ന്റെ മൂന്നാമത് അന്താരാഷ്ട്ര മാധ്യമസമ്മേളനത്തിന് കേളികൊട്ടുയരാന്‍ ഇനി മാസങ്ങള്‍ മാത്രം. മാധ്യമ സമ്മേളനത്തിന്റെ വരവറിയിച്ചുകൊണ്ട് നോര്‍ത്ത് അമേരിക്കയാകെ ഐ എ പിസി പ്രാദേശിക ചാപ്റ്ററുകളുടെ ആഭിമുഖ്യത്തില്‍ കിക്ക് ഓഫുകള്‍ക്കു തുടക്കമായി. 
 
ഒക്ടോബര്‍ ഏഴുമുതല്‍ ഒന്‍പതു വരെ കാനഡയിലെ നയാഗ്രയിലാണ് സമ്മേളനം. നയാഗ്രയ്ക്കു സമീപമുള്ള ഹോളിഡേ ഇന്‍ ഹോട്ടലിലാണ് കോണ്‍ഫ്രന്‍സ് നടക്കുക. കോണ്‍ഫ്രന്‍സില്‍ അമേരിക്കയിലെയും കാനഡയിലെയും മാത്രമല്ല രാജ്യാന്തരതലത്തില്‍ പ്രശസ്തരായ ദൃശ്യ, പത്ര മാധ്യമ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. 
 
കോണ്‍ഫ്രന്‍സില്‍ നിരവധി സെമിനാറുകളും വര്‍ക്ക്‌ഷോപ്പുകളും കലാസാംസ്‌കാരിക പരിപാടികളും നടക്കും. കോണ്‍ഫ്രന്‍സ് വിജയിപ്പിക്കുന്നതിനുളള ഒരുക്കങ്ങള്‍ ഐഎപിസി അംഗങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ആഗോള മാധ്യമപ്രവര്‍ത്തകരുടെ മഹാസമ്മേളനത്തിന് നയാഗ്രവേദിയാകുമ്പോള്‍ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും അഭിമാനിക്കാം. നയാഗ്രാതീരത്ത് ലോകമെമ്പാടുമുള്ള മാധ്യമപ്രവര്‍ത്തകരെ പങ്കെടുപ്പിച്ചുകൊണ്ട് ഐഎപിസി അതിന്റെ വിജയവഴിയില്‍ ഒരുനാഴികകല്ലുകൂടിയാണ് പിന്നിടുന്നത്.
 
അന്താരാഷ്ട്ര മീഡിയ കോണ്‍ഫ്രന്‍സിനു മുന്നോടിയായി ട്രൈസ്റ്റേറ്റ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ന്യൂയോര്‍ക്കില്‍ നടന്ന കിക്ക് ഓഫ് പ്രൗഢഗംഭീരമായിരുന്നു. നിരവധി ഇന്‍ഡോ അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകരും അമേരിക്കക്കാരും ചടങ്ങില്‍ പങ്കെടുത്തു. മാധ്യമസമ്മേളനം വിജയിപ്പിക്കാനുള്ള ചര്‍ച്ചയും പ്രതിനിധികളെ തെരഞ്ഞെടുക്കലും യോഗത്തില്‍ നടന്നു. ന്യൂയോര്‍ക്കിലെ ഫ്‌ളോറല്‍ പാര്‍ക്കിലെ ടൈസണ്‍ സെന്ററില്‍ നടന്ന കിക്ക് ഓഫ് അമേരിക്കന്‍ ദേശീയ ഗാനത്തോടെയാണ് ആരംഭിച്ചത്. ഇന്ത്യന്‍ ദേശീയ ഗാനത്തോടു കൂടിയാണ് ചടങ്ങുകള്‍ സമാപിച്ചത്.
Next Article