ഏത് തരത്തിലുള്ള അന്വേഷണത്തേയും സ്വാഗതം ചെയ്യുന്നു: ബാബു

Webdunia
ശനി, 21 നവം‌ബര്‍ 2015 (14:42 IST)
ബാര്‍ കോഴക്കേസുമായി ബന്ധപ്പെട്ട അന്വേഷണത്തെ ഭയപ്പെടുന്നില്ലെന്നു എക്സൈസ് മന്ത്രി കെ ബാബു. ഏത് തരത്തിലുള്ള അന്വേഷണത്തേയും സ്വാഗതം ചെയ്യുന്നു. ഇതു സംബന്ധിച്ച കാര്യങ്ങൾ സമയം വരുമ്പോള്‍ പറയും. ബാർ കോഴയുമായി ബന്ധപ്പെട്ട് തന്റെ പേരിൽ ഒരു കേസും കോടതി ഇന്ന് പരിഗണിച്ചിട്ടില്ല. അതിനാൽ തന്നെ അതേക്കുറിച്ച് അഭിപ്രായം പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ബാര്‍ കോഴക്കേസില്‍ മുന്‍ധനമന്ത്രി കെഎം മാണിക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ക്ലീൻ ചിറ്റ്​ നൽകിയിട്ടില്ലെന്ന്​ ആഭ്യന്തരമന്ത്രി രമേശ്​ ചെന്നിത്തല വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ടുണ്ടായ മാധ്യമവാര്‍ത്തകളോട് പ്രതികരിക്കുക മാത്രമാണ് മുഖ്യമന്ത്രി ചെയ്തത്. വിജിലന്‍സ് അന്വേഷണം ഏല്ലായിപ്പോഴും നീതിപൂര്‍വമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബാര്‍ കോഴക്കേസില്‍ സർക്കാരിന്റെ നിലപാട്​ കോടതിയെ അറിയിക്കും. കോടതി വിധി വന്നതിനു ശേഷം തീരുമാനം പറയാമെന്നും ചെന്നിത്തല വ്യക്തമാക്കി.

കെഎം മാണി കുറ്റക്കാരനല്ല എന്ന് മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും പറഞ്ഞിരുന്നു. അങ്ങനെയുള്ള അവസരത്തില്‍ സര്‍ക്കാരിനു കീഴിലുള്ള പൊലീസ് അന്വേഷണം എങ്ങനെ കാര്യക്ഷമമാകുമെന്നുമാണ് ഹൈക്കോടതി ഇന്ന് ചോദിച്ചത്. എങ്ങനെ സ്വതന്ത്രമായി അന്വേഷിക്കുമെന്നും കോടതി ചോദിച്ചു.  

മാണിക്കെതിരെആയ ബാര്‍ കോഴ ആരോപണത്തില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട വിജിലന്‍സ് കോടതി വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബാറുടയും തൊടുപുഴ സ്വദേശിയുമായ സണ്ണിമാത്യു നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ നിരീക്ഷണം.