മുൻ ധനകാര്യ മന്ത്രി കെഎം മാണി രാജിവയ്ക്കേണ്ടി വന്നതിൽ ദുഃഖമുണ്ടെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. മുതിര്‍ന്ന നേതാവായ അദ്ദേഹം രാജിവെച്ചതില്‍ നിരാശയുണ്ട്. യുഡിഎഫിലെ മുതിര്‍ന്ന നേതാവാണ് അദ്ദേഹം. അദ്ദേഹത്തില്‍ നിന്ന് തുടര്‍ന്നും അഭിപ്രായങ്ങള്‍ തേടും. ബാര്‍ കോഴ സംബന്ധിച്ച അന്വേഷണത്തിന്റെ ഒരു ഘട്ടത്തിലും താന്‍ ഇടപെട്ടിട്ടില്ലെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.
ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് നടത്തിയ അന്വേഷണത്തില്‍ താനോ സര്‍ക്കാരോ ഇടപെട്ടിട്ടില്ല. ഹൈക്കോടതി വിധി വിജിലൻസിന് ആശ്വാസമാണ്. കോടതിവിധി വിജിലൻസിന് സ്വാതന്ത്ര്യം നല്‍കി. ബാർകോഴ കേസിൽ ഗൂഢാലോചനയുണ്ടെന്ന മാണിയുടെ ആരോപണത്തോട് പ്രതികരിക്കാനില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
തനിക്കെതിരെ ഗൂഡാലോചന നടന്നിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം മാണി വ്യക്തമാക്കിയിരുന്നു. ഗൂഡാലോചന എന്താണെന്ന് മാധ്യമങ്ങള്‍ അന്വേഷിക്കണമെന്നും കുറേ നാളുകളായി ഇത് തനിക്കെതിരെ ഉള്ളതാണെന്നും പറഞ്ഞ അദ്ദേഹം തന്റെ രക്തത്തിനായി ആഗ്രഹിക്കുന്ന നിരവധിയാളുകള്‍ ഉണ്ടെന്നും പറഞ്ഞു. ആഗ്രഹിച്ച രീതിയിലുള്ള പിന്തുണ കിട്ടിയിട്ടുണ്ടോ എന്ന ചോദ്യത്തിന് യു ഡി എഫില്‍ നിന്ന് ഇതില്‍ കൂടുതല്‍ പിന്തുണ ആഗ്രഹിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു.