മാണി ബജറ്റ് അവതരിപ്പിച്ചാല്‍ അകത്തും പുറത്തും പ്രക്ഷോഭം: എല്‍ഡിഎഫ്

Webdunia
ചൊവ്വ, 17 ഫെബ്രുവരി 2015 (17:29 IST)
ബാര്‍ കോഴക്കേസില്‍ ധനമന്ത്രി കെഎം മാണിക്കെതിരായി നിയമ സഭയ്ക്ക് അകത്തും പുറത്തും പ്രക്ഷോഭം നടത്തുമെന്ന് എല്‍ഡിഎഫ്. മാണി ബജറ്റ് അവതരിപ്പിച്ചാല്‍ അത് ജനങ്ങളോടുള്ള വെല്ലുവിളിയായിരിക്കും. ഈ സാഹചര്യത്തില്‍ മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കരുതെന്നും ഇടതുമുന്നണി യോഗം വിലയിരുത്തി. അതെസമയം ഏതു തരം സമരം നടത്തണമെന്ന കാര്യത്തില്‍ ഘടകക്ഷിനേതാക്കള്‍ക്കിടയില്‍ സമവായത്തില്‍ എത്താത്തതിനാല്‍ അടുത്തമാസം ആറിന് ചേരുന്ന മുന്നണിയോഗത്തില്‍ ഈ വിഷയം ചര്‍ച്ചയ്ക്ക് എടുക്കാനും തീരുമാനമായി.

കെഎം മാണിക്കെതിരായ സമരത്തില്‍ ഉറച്ചു നില്‍ക്കാനുള്ള മുന്‍ തീരുമാനത്തില്‍ ഉറച്ച് നിന്നെങ്കിലും നിയമസഭ വളയണോ, സഭയ്‌ക്കുള്ളില്‍ പ്രവേശിച്ച് പ്രതിഷേധിക്കണമോ എന്ന കാര്യത്തില്‍ സമവായത്തില്‍ എത്താന്‍ കഴിഞ്ഞില്ല. നിയമസഭ വളഞ്ഞുള്ള സമരത്തിനാണ് കൂടുതല്‍ പിന്തുണ ലഭിച്ചതെങ്കിലും സര്‍ക്കാര്‍ പട്ടാളത്തെ ഉപയോഗിച്ച് സമരത്തെ നേരിടാനുള്ള സാധ്യത യോഗം വിലയിരുത്തി.

ബാര്‍ കോഴ ആരോപണത്തില്‍ തന്നെ മാണിക്കെതിരായി സമരം തുടങ്ങണമായിരുന്നുവെന്നും. മുന്നണി ഇത്തരം നടപടികടികളിലേക്ക് കടന്നപ്പോഴേക്കും സമയം വൈകിപ്പോയെന്നും സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. കെഎം മാണി ബജറ്റ് അവതരിപ്പിക്കുന്നത് എന്തുവില കൊടുത്തും തടയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.