ബാര്‍ കേസ്: എജിയെ മറികടന്ന് നിയമോപദേശം തേടിയത് എന്തിന്, വിജിലൻസിനെ വിമര്‍ശിച്ച് കോടതി

Webdunia
ശനി, 22 ഓഗസ്റ്റ് 2015 (14:01 IST)
ബാർ കോഴക്കേസിൽ കെഎം മാണിയ്ക്കെതിരായ റിപ്പോർട്ടിൽ സുപ്രീംകോടതിയിലെ അഭിഭാഷകരുടെ നിയമോപദേശം തേടിയത് എന്ത് അടിസ്ഥാനത്തിലാണെന്ന് തിരുവനന്തപുരം വിജിലൻസ് കോടതി വിജിലൻസ് സംഘത്തോട് ചോദിച്ചു. കേസില്‍ സുപ്രീംകോടതിയിലെ സ്വകാര്യ അഭിഭാഷകരില്‍ നിന്ന് നിയമോപദേശം തേടാന്‍ ആരാണ് നിര്‍ദ്ദേശം നല്‍കിയത് ആരാണ്.  
അഡ്വക്കേറ്റ് ജനറലും ഡയറക്ടർ ജനറൽ ഒഫ പ്രോസിക്യൂഷനും ഉളളപ്പോൾ അവരെ മറികടന്ന് നിയമോപദേശം തേടിയതിന്റെ നിയമസാധുത എന്താണെന്നും കോടതി ചോദിച്ചു.

സുപ്രീംകോടതിയിലെ അഭിഭാഷകരുടെ നിയമോപദേശം തേടിയതിന് നിയമസാധുതയുണ്ടോ. എജിയും ഡിജിപിയുമുള്ളപ്പോള്‍ ഇവരെ മറികടന്ന് നിയമോപദേശം തേടേണ്ട ആവശ്യമെന്തായിരുന്നു. എജിയുടേത് ഭരണഘടനാ പദവിയാണ്. ഇത്തരം കേസുകളിൽ എജിയുടെ നിയമോപദേശം തേടാമായിരുന്നു. വസ്തുതാ റിപ്പോര്‍ട്ടിനും അന്തിമ റിപ്പോര്‍ട്ടിനുമിടയില്‍ എന്തെങ്കിലും അന്വേഷണം നടന്നിട്ടുണ്ടോയെന്നും കോടതി വിജിലൻസിനോട് ചോദിച്ചു.

അന്വേഷണ റിപ്പോര്‍ട്ട് പഠിച്ച് കൃത്യമായി മറുപടി നല്‍കാനും സര്‍ക്കാര്‍ അഭിഭാഷകനോട് കോടതി ആവശ്യപ്പെട്ടു.
കേസ് സപ്തംബര്‍ 10ന് വീണ്ടും കോടതി പരിഗണിക്കും. കേസ് അന്വേഷിച്ച എസ്.പി സുകേശന്റെ റിപ്പോര്‍ട്ടില്‍ കോഴ വാങ്ങിയിട്ടില്ല എന്ന ധനമന്ത്രി കെഎം മാണിയുടെ വാദം വിശ്വാസയോഗ്യമല്ലെന്നായിരുന്നു ഉണ്ടായിരുന്നത്. കൂടുതല്‍ ഹര്‍ജികള്‍ ഉള്ളതിനാല്‍  മാണിക്കെതിരായ ബാര്‍കോഴ കേസില്‍ കാലതാമസം വരരുതെന്ന് വിജിലന്‍സ് കോടതി വ്യക്തമാക്കി.