‘നിയമനനിരോധനമില്ല; മദ്യനയത്തില്‍ മാറ്റമില്ല’

തിങ്കള്‍, 15 സെപ്‌റ്റംബര്‍ 2014 (08:18 IST)
സംസ്‌ഥാനത്ത്‌ നിയമന നിരോധനമില്ലെന്ന്‌ ധനമന്ത്രി കെഎം മാണി. പുതിയ തസ്‌തികകള്‍ സൃഷ്‌ടിക്കുന്നത്‌ താല്‍ക്കാലികമായി നിര്‍ത്താനാണ്‌ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നതെന്ന്‌ കെഎം മാണി വ്യക്‌തമാക്കി. തന്റെ പ്രസ്‌താവന യുവജന സംഘടനകള്‍ തെറ്റിദ്ധരിച്ചു. യുവജനങ്ങളുടെ അവസരം നഷ്‌ടപ്പെടുത്തുന്ന ഒരു തീരുമാനവും സംസ്‌ഥാന സര്‍ക്കാരിന്റെ ഭാഗത്ത്‌ നിന്ന്‌ ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
 
സംസ്ഥാനത്ത്‌ 30,000 ജീവനക്കാര്‍ അധികമുണ്ടെന്ന്‌ സെക്രട്ടറിതല അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇവരെ പുനര്‍വിന്യസിക്കുന്നതിനുള്ള നിര്‍ദ്ദേശം മാത്രമാണ്‌ നല്‍കിയതെന്നും ധനമന്ത്രി വ്യക്‌തമാക്കി. മദ്യനയത്തിന്റെ പശ്‌ചാത്തലത്തിലല്ല ഈ തീരുമാനമെന്നും മന്ത്രി പറഞ്ഞു.
 
അതേസമയം മദ്യനയത്തില്‍ മാറ്റമില്ലെന്ന്‌ കെഎം മാണി വ്യക്‌തമാക്കി. പൂട്ടിയ ബാറുകളില്‍ ബിയര്‍, വൈന്‍ പാര്‍ലറുകള്‍ തുടങ്ങാന്‍ അനുമതി നല്‍കണമെന്ന പിസി ജോര്‍ജിന്റെ പ്രസ്‌താവനയോട്‌ യോജിപ്പില്ലെന്നും കെഎം മാണി പറഞ്ഞു.
 
ഈ സാമ്പത്തിക വര്‍ഷത്തില്‍ പുതിയ തസ്‌തികകള്‍ സൃഷ്‌ടിക്കില്ലെന്ന ധനമന്ത്രിയുടെ പ്രസ്‌താവനയ്‌ക്കെതിരെ ഭരണകക്ഷി യുവജന സംഘടനകളും രംഗത്ത്‌ വന്നതിന്റെ പശ്‌ചാത്തലത്തിലാണ്‌ മന്ത്രിയുടെ വിശദീകരണം. 

 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍