ചുംബനസമരത്തിനാണ് പിന്തുണയെന്നും അതിന്റെ സംഘാടകര്ക്കല്ലെന്നും വി ടി ബല്‍റാം എം എല്‍ എ. ഫേസ്ബുക്കിലാണ് ബല്‍റാം നിലപാട് വ്യക്തമാക്കിയത്. ചുംബനസമരത്തിന്റെ സംഘാടകരെ പൊലീസ് അറസ്റ്റു ചെയ്തതിന്റെ പശ്ചാത്തലത്തില്‍ ആയിരുന്നു ബല്‍റാമിന്റെ നിലപാട് വ്യക്തമാക്കല്‍.
ചുംബനസമരനായകനായ രാഹുല്‍ പശുപാലനെയും ഭാര്യ രശ്മിയെയും ഓണ്‍ലൈന്‍ പെണ്‍വാണിഭം നടത്തിയതിന് പൊലീസ് അറസ്റ്റു ചെയ്തിരുന്നു. വി ടി ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ചുവടെ.
“ചുംബന സമരത്തിനും ബീഫ് ഫെസ്റ്റിവലിനുമൊക്കെ നൽകുന്ന പിന്തുണ അതിന്റെ രാഷ്ട്രീയ സന്ദേശത്തിന്റെ സമകാലിക പ്രസക്തിയെ മുൻ നിർത്തിയാണ്, അല്ലാതെ സമര സംഘാടകർക്കോ സമരത്തിൽ പങ്കെടുത്ത ഏതെങ്കിലും വ്യക്തികൾക്കോ ഉള്ള പിന്തുണയുടെ ബ്ലാങ്ക് ചെക്കല്ല.
സംസ്കാരത്തിന്റേയും സദാചാരത്തിന്റേയും പാരമ്പര്യത്തിന്റേയും വിശ്വാസങ്ങളുടേയുമൊക്കെ പേരു പറഞ്ഞ് പൗരന്റെ മൗലികാവകാശങ്ങൾക്ക് നേരെ നിരന്തരമുയരുന്ന വെല്ലുവിളികൾക്കെതിരായ സ്വാഭാവിക ജനാധിപത്യ സമരങ്ങൾക്ക് തുടർന്നും ആശയപരമായ പിന്തുണ അറിയിക്കുന്നു.”