കെവിന്‍ വധം: നീനുവിന്റെ മാതാപിക്കളും പ്രതികള്‍, മുഖ്യസൂത്രധാരന്‍ സഹോദരന്‍ - 14 പേർക്കെതിരേ കേസെന്ന് ഐജി

Webdunia
ചൊവ്വ, 29 മെയ് 2018 (11:47 IST)
പ്രണയ വിവാഹത്തിന്റെ പേരിൽ നട്ടാശേരി എസ്എച്ച് മൗണ്ട് പിലാത്തറ കെവിൻ പി ജോസഫി (23)നെ കൊലപ്പെടുത്തിയ സംഭവത്തില്‍ നീനുവിന്റെ മാതാപിതാക്കളായ ചാക്കോയും രഹ്‌നയും പ്രതികള്‍. ക്വട്ടേഷൻ സംഘം കെവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഇവര്‍ക്ക് പങ്കുണ്ടെന്ന് വ്യക്തമായതോടെയാണ് പൊലീസ് നടപടി.

കെവിൻ വധക്കേസിൽ 14 പേർക്കെതിരേയാണ് കേസെടുത്തിരിക്കുന്നതെന്നും അന്വേഷണ സംഘത്തലവൻ ഐജി വിജയ് സാക്കറെ പറഞ്ഞു. ഗാന്ധിനഗർ എസ്ഐയും എഎസ്ഐക്കുമെതിരേ ക്രിമിനൽ കുറ്റമില്ലെന്നും നടപടി ക്രമങ്ങളിൽ വീഴ്ചവരുത്തിയതിന് കേസെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

കെവിനെ ആക്രമിക്കാനും തട്ടിക്കൊണ്ടു പോകാനുമുള്ള തീരുമാനം ചാക്കോയും രഹ്‌നയും അറിഞ്ഞിരുന്നുവെന്ന്  പിടിയിലായ പ്രതികള്‍ പൊലീസിനോട് പറഞ്ഞു. കൊലാപാതകത്തിന്റെ സൂത്രധാരന്‍ നീനുവിന്റെ സഹോദരന്‍ ഷൈനു ചാക്കോ ആണെന്ന് പിടിയിലായ പ്രതികള്‍ ചോദ്യം ചെയ്യലില്‍ വ്യക്തമാക്കി.

അതേസമയം വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ അറസ്റ്റ് ഭയന്ന് മാതാപിതാക്കള്‍ ഒളിവില്‍ പോയി.

വ്യക്തമായ ആസൂത്രണത്തിലൂടെയാണ് കൊലപാതകം നടത്തിയത്. 13 പേരടങ്ങുന്ന സംഘമാണ് കെവിനെ കൊലപ്പെടുത്താന്‍ കൂട്ടു നിന്നത്. ഇവരില്‍ ഭൂരിഭാഗം പേരും നീനുവിന്റെ ബന്ധുക്കളാണ്. ഭീഷണപ്പെടുത്തി കെവിനെ ഈ ബന്ധത്തില്‍ നിന്നും പിന്മാറ്റുകയാ‍യിരുന്നു ലക്ഷ്യം.

സംഭവത്തിന് മുമ്പ് പ്രതികള്‍ കോട്ടയത്തെ ഒരു ഹോട്ടലില്‍ മുറിയെടുത്തു താമസിച്ചിരുന്നു. ഇതിനായി പ്രാദേശിക സംഹായം പ്രതികള്‍ക്ക് ലഭിച്ചിരുന്നതായും പൊലീസ് വ്യക്തമാക്കി. കെവിന്റെ മരണം തന്റെ മാതാപിതാക്കൾ അറിയാതെ നടക്കില്ലെന്ന് ഭാര്യ നീനുവും വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

Next Article