"കെവിന്റെ വീട്ടിൽ നിന്ന് തന്നെ പുറത്തുകടത്താനുള്ള തന്ത്രമാണിതെല്ലാം" - പിതാവിന്റെ ആരോപണത്തെക്കുറിച്ച് നീനു

Webdunia
വ്യാഴം, 7 ജൂണ്‍ 2018 (08:59 IST)
കെവിന്‍ വധക്കേസ് നിര്‍ണായക ഘട്ടത്തിലേക്ക് നീങ്ങവെ പുതിയ ആരോപണവുമായി നീനുവിന്റെ പിതാവ് ചാക്കോ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. നീനുവിന് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടെന്നും ചികിത്സ തേടിയിരുന്നുവെന്നുമാണ് പിതാവ് വ്യതമാക്കിയത്. തിരുവനന്തപുരം അനന്തപുരി ആശുപത്രിയിലാണ് ചികിത്സ നടത്തിയിരുന്നത്. കെവിന്റെ വീട്ടില്‍ നില്‍ക്കുന്ന മകളുടെ  ചികിത്സ ഇപ്പോള്‍ മുടങ്ങിയിരിക്കുകയാണെന്നും കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ ചാക്കോ വ്യക്തമാക്കിയിരുന്നു.
 
എന്നാൽ മാനസിക പ്രശ്‌നമുണ്ടെന്ന് പറഞ്ഞ് കെവിന്റെ വീട്ടിൽ നിന്ന് തന്നെ പുറത്തുകടത്താൻ പിതാവ് നടത്തുന്ന ശ്രമമാണിതെന്ന് നീനു പറഞ്ഞു. എന്നെക്കുറിച്ച് ഹൈക്കേടതിയിൽ നൽകിയ പരാമർശങ്ങളെല്ലാം കെട്ടിച്ചമച്ചതാണ്. ഇനി തുടർന്ന് പഠിക്കുന്നതും താമസിക്കുന്നതുമെല്ലാം കെവിന്റെ വീട്ടിൽ നിന്നായിരിക്കും. വീട്ടിൽ നിന്ന് കുട്ടിക്കാലം മുതലേ മാനസികവും ശാരീരികവുമായ പീഡനങ്ങൾ ഉണ്ടായിരുന്നുവെന്നും പണ്ട് എന്നെ കൗൺസിലിംഗിന് കൊണ്ടുപോയിട്ടുണ്ടെങ്കിലും മാതാപിതാക്കൾക്കാണ് ചികിത്സവേണ്ടതെന്നാണ് ഡോക്‌ടർ പറഞ്ഞതെന്നും നീനു മനോരമ ന്യൂസിനോട് വ്യക്തമാക്കി.
 
അതേസമയം, കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി നീനുവിന്റെ അമ്മ രഹ്ന ഹൈക്കോടതിയെ സമീപിച്ചു. കേസിൽ തന്നെ കുടുക്കാൻ അന്വേഷണം സംഘം ശ്രമിക്കുന്നുണ്ട്. കെവിന്റെ മരണത്തില്‍ തനിക്ക് ഒരു പങ്കുമില്ല. കൊലപാതക വിവരം താനറിഞ്ഞില്ല. കേസുമായി തനിക്ക് ഒരു ബന്ധവുമില്ലെങ്കിലും അറസ്‌റ്റ് ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്നും രഹ്ന മുൻകൂർ ജാമ്യഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article