കെവിന്റേത് ദുരഭിമാനക്കൊലയാണെന്ന് പ്രോസിക്യൂഷൻ വാദിച്ചു. കേസിലെ പ്രതിയായ ഷാനു ചാക്കോ, കെവിൻ താഴ്ന്ന ജാതിയിൽപ്പെട്ടയാളാണെന്നും അതിനാൽ വിവാഹത്തിന് സമ്മതിക്കില്ലെന്നും അവനെ വകവരുത്തണമെന്നും സാക്ഷികളോട് പറഞ്ഞിരുന്നതായി പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. എന്നാൽ ദുരഭിമാനക്കൊലയെന്ന വാദം നിലനിൽക്കില്ലെന്ന് പ്രതിഭാഗം വാദിച്ചു. കെവിനും പ്രതികളും ക്രിസ്ത്യാനികളാണ്. മാത്രമല്ല, പൊലീസ് സ്റ്റേഷനിൽ നടന്ന ഒത്തുതീർപ്പ് ചർച്ചയ്ക്കിടെ കെവിന്റെയും നീനുവിന്റെയും വിവാഹം നടത്താൻ പിതാവ് ചാക്കോ സമ്മതം നൽകിയിരുന്നതായും പ്രതിഭാഗം ചൂണ്ടിക്കാട്ടി. തുടർന്നാണ് കേസിൽ വിധി പറയുന്നത് അടുത്ത ആഴ്ചയിലേക്ക് കോടതി മാറ്റിയത്.
കെവിന്റെ ഭാര്യ നീനുവിന്റെ പിതാവും സഹോദരനുമടക്കം പതിനാല് പ്രതികളാണ് കേസിലുള്ളത്. കഴിഞ്ഞ വര്‍ഷം മേയ് 27നാണ് കെവിന്‍ ജോസഫ് കൊല്ലപ്പെട്ടത്. 2019 ജൂലൈ 30 നാണ് കെവിന്‍ വധക്കേസിൽ വിചാരണ പൂർത്തിയായത്. 113 സാക്ഷികളെ വിസ്തരിച്ച കേസിൽ, 238 രേഖകളും 50ലേറെ തെളിവുകളും കോടതി പരിശോധിച്ചു.
കെവിനെ ഓടിച്ച് ആറ്റിൽ ചാടിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു റിമാൻഡ് റിപ്പോർട്ട്. കെവിന്‍റേത് മുങ്ങി മരണമാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് കെവിനെ ബലമായി വെള്ളത്തിൽ മുക്കിക്കൊന്നതാണെന്ന ഫൊറൻസിക് റിപ്പോർട്ട് പുറത്തുവന്നത്.