വീട്ടുജോലി, പട്ടിക്കു മീൻ വറുത്തുകൊടുക്കൽ ഇതൊക്കെയായിരുന്നു പണി, ഒരിക്കൽ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി; എഡിജിപിക്കെതിരെ പൊലീസുകാരൻ

Webdunia
വെള്ളി, 15 ജൂണ്‍ 2018 (12:21 IST)
എഡിജിപി സുധേഷ് കുമാറിന്റെ പീഡനത്തെക്കുറിച്ചു തുറന്നുപറഞ്ഞ് ഡ്രൈവർ ഗവാസ്കര്‍‍. എഡിജിപി ജീവനക്കാരെക്കൊണ്ട് വീട്ടുവേല ചെയ്യിക്കുകയാണെന്ന് പൊലീസ് ഡ്രൈവർ മനോരമ ന്യൂസിനോട് പറഞ്ഞു.
പട്ടിക്കു മീൻ വറുത്തുകൊടുക്കുകയൊക്കെയാണ് വീട്ടിൽ തന്റെ പണിയെന്ന് ഇയാൾ പറയുന്നു. 
 
നായയെ കുളിപ്പിക്കാന്‍ വരെ നിര്‍ബന്ധിക്കും. ഇതിനു തയാറാകാത്തവരെ ഭാര്യയും മകളും ചേര്‍ന്ന് ചീത്തവിളിക്കും. മകളുടെ മുന്നില്‍ വച്ച് ചിരിച്ചെന്ന് ആരോപിച്ച് തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചെന്നും ഗവാസ്കര്‍ പറഞ്ഞു.
 
മകള്‍ക്കെതിരായ പരാതി പിന്‍വലിക്കാന്‍ എഡിജിപി ആവശ്യപ്പെട്ടിരുന്നു. ഓഫിസില്‍നിന്നു ജീവനക്കാരെ വിട്ടാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. തനിക്കെതിരെ കേസെടുത്തത് ഇതിനു വഴങ്ങാത്തതിനാലെന്നും ഗവാസ്കര്‍ പറഞ്ഞു. 
 
അതേസമയം, പോലീസ് ഡ്രൈവറെ മര്‍ദ്ദിച്ച സംഭവത്തില്‍ എഡിജിപിയുടെ മകള്‍ക്കെതിരെയും ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. മ്യൂസിയം പോലീസാണ് കേസെടുത്തത്. പോലീസ് ഉദ്യോഗസ്ഥന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുക, ചീത്തവിളിക്കുക, മര്‍ദ്ദിക്കുക എന്നീ വകുപ്പുകള്‍ ചുമത്തിയാണ് എഡിജിപിയുടെ മകള്‍ക്കെതിരെ കേസെടുത്തത്.
 
വ്യാഴാഴ്ച്ച രാവിലെ എട്ടരയോടെ തിരുവനന്തപുരം കനക്കകുന്നില്‍ വച്ചാണ് എഡിജിപിയുടെ മകള്‍ ഡ്രൈവറെ മര്‍ദ്ദിച്ചത്. എഡിജിപിയുടെ ഭാര്യയേയും മകളേയും പ്രഭാതനടത്തതിനായി ഗവാസ്‌കര്‍ ഔദ്യോഗിക വാഹനത്തില്‍ കനകകുന്നില്‍ എത്തിച്ചപ്പോള്‍ ആയിരുന്നു സംഭവം. 
 
തന്നെ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തപ്പോള്‍ എഡിജിപിയുടെ മകള്‍ ആക്രമിച്ചുവെന്നാണ് ഗവാസ്‌കര്‍ മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതി. മര്‍ദ്ദനത്തെ തുടര്‍ന്ന് ഇയാള്‍ പേരൂര്‍ക്കട താലൂക്കാശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തു.   

അനുബന്ധ വാര്‍ത്തകള്‍

Next Article