പ്രതിഷേധം അതിശക്തം; തൃപ്‌തി ദേശായി മടങ്ങുന്നു - തിരികെവരുമെന്ന് ഭൂമാതാ നേതാവ്

Webdunia
വെള്ളി, 16 നവം‌ബര്‍ 2018 (18:33 IST)
സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമല ദർശനത്തിനായി എത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി മടങ്ങുന്നു. പ്രതിഷേധക്കാരുടെ സാന്നിധ്യം കണക്കിലെടുത്താണ് തീരുമാനം. രാത്രി 9.30നുള്ള വിമാനത്തില്‍ തൃപ്‌തി മടങ്ങിപ്പോകുമെന്നാണ് റിപ്പോര്‍ട്ട്.

12 മണിക്കൂറോളം വിമാനത്താവളത്തില്‍ കഴിഞ്ഞതോടെയാണ് മടങ്ങുന്ന കാര്യം തൃപ്‌തി പൊലീസിനെ അറിയിച്ചത്. ഇപ്പോള്‍ മടങ്ങാനാണ് തീരുമാനമെങ്കിലും മണ്ഡലകാലത്ത് തന്നെ തിരികെവരുമെന്നും അവർ അറിയിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

നേരത്തെ തൃപ്തി ദേശായിയുമായി പൊലീസ് നടത്തിയ ചര്‍ച്ചയില്‍ തീരുമാനമുണ്ടായിരുന്നില്ല. തിരികെ മടങ്ങില്ല എന്നായിരുന്നു ഇവരുടെ നിലപാട്.

പ്രതിഷേധക്കാരുടെ സാന്നിധ്യം വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന നിലയിലേക്ക് നീങ്ങിയതും വിമാനത്താവളത്തിന് പുറത്തേക്ക് ഇറങ്ങാൻ കഴിയാതെ വന്നതുമാണ് മടങ്ങി പോകാന്‍ തൃപ്‌തിയെ പ്രേരിപ്പിച്ചത്.

സുരക്ഷ കണക്കിലെടുത്ത് വിമാനത്താവളത്തിലെ അറൈവല്‍ കെട്ടിടത്തില്‍നിന്ന് തൃപ്തി ദേശായിയെ പുറത്തിറക്കാതെയായിരിക്കും മടക്കിയയ്ക്കുക. ഇന്ന് രാവിലെ 4.30ഓടെയാണ് ഇവര്‍ കൊച്ചിയിലെത്തിയത്.

അനുബന്ധ വാര്‍ത്തകള്‍

Next Article