യുഎഇയുടെ 700 കോടിയുടെ ധനസഹായം സ്വീകരിച്ചേക്കില്ല; വില്ലനായത് യുപിഎ സര്‍ക്കാരിന്റെ കാലത്തെ നയം

ബുധന്‍, 22 ഓഗസ്റ്റ് 2018 (07:38 IST)
പ്രളയക്കെടുതിയില്‍ നിന്ന് കരകയറാന്‍ കേരളത്തിന് യുഎഇ വാഗ്ദാനം ചെയ്‌ത 700 കോടിയുടെ ധനസഹായം സ്വീകരിച്ചേക്കില്ല. വിദേശ രാജ്യങ്ങളിൽ നിന്ന് ഇത്തരം സഹായങ്ങൾ സ്വീകരിക്കില്ലെന്ന  ഇന്ത്യയുടെ പ്രഖ്യാപിത നയമാണ് ഇക്കാര്യത്തില്‍ ആശയക്കുഴപ്പമുണ്ടാക്കുന്നത്.

യുഎഇയില്‍ നിന്ന് സഹായം വാങ്ങുന്നതില്‍ നിയമതടസമുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. വിദേശ ഏജന്‍സികളുടെ സഹായം സ്വീകരിക്കാറുള്ളത് വായ്പയായി മാത്രമാണെന്നും കേന്ദ്ര വൃത്തങ്ങള്‍ വ്യക്തമാക്കി.
അല്ലെങ്കിൽ ഇന്ത്യയിലെ സന്നദ്ധസംഘടനകളിലൂടെ സഹായം നൽകാം.

യുഎഇ സർക്കാരിന്റെ സഹായവാഗ്ദാനം സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് കേന്ദ്രത്തിനു ലഭിച്ചിട്ടില്ലെന്ന് ധനമന്ത്രാലയവൃത്തങ്ങൾ വ്യക്തമാക്കുന്നുണ്ട്.

വിദേശ രാജ്യങ്ങളില്‍ നിന്നും സഹായം സ്വീകരിക്കില്ലെന്ന നയം യുപിഎ സര്‍ക്കാരിന്റെ കാലത്താണ് നിലവില്‍ വന്നത്. ഇതാണ് പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിന് തിരിച്ചടിയാകുന്നത്. അതേസമയം, വിഷയത്തില്‍ വ്യക്തമായ നിലപാട് ഇതുവരെ കേന്ദ്ര വിദേശകാര്യ മന്ത്രാലയം പ്രഖ്യാപിച്ചിട്ടില്ല.

പ്രളയദുരന്തം ഇന്ത്യക്ക് സ്വന്തം നിലയിൽ കൈകാര്യംചെയ്യാനാവുമെന്നാണ് കേന്ദ്ര സർക്കാർ നിലപാട്. സുനാമിക്കു ശേഷം ഇന്ത്യ വിദേശസഹായം സ്വീകരിച്ചിട്ടില്ല. ഉത്തരഖണ്ഡ് ദുരന്തത്തില്‍ അമേരിക്കയുടെയും ജപ്പാന്റെയും സഹായം ഇന്ത്യ തള്ളിയിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍