നവംബര്‍ ഒന്നു മുതല്‍ ഏഴുവരെ നടക്കുന്ന കേരളീയം 2023- ന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തില്‍ ഗതാഗതക്രമീകരണം ഏര്‍പ്പെടുത്തുമെന്നും കേരളീയത്തിന്റെ മുഖ്യവേദികള്‍ ക്രമീകരിച്ചിരിക്കുന്ന കവടിയാര്‍ മുതല്‍ കിഴക്കേക്കോട്ട വരെ വൈകിട്ട് 6 മുതല്‍ രാത്രി 10 വരെ കെ.എസ്.ആര്‍.ടി.സി. ഇലക്ട്രിക് ബസുകളില്‍ സന്ദര്‍ശകര്‍ക്കു സൗജ്യനയാത്ര ഒരുക്കുമെന്നും മന്ത്രിമാരായ വി.ശിവന്‍കുട്ടിയും ആന്റണി രാജുവും. നാളെ(നവംബര്‍ ഒന്ന്)ആരംഭിക്കുന്ന കേരളീയത്തിന്റെ ട്രാഫിക്,സുരക്ഷാക്രമീകരണങ്ങള്‍ വിശദീകരിക്കുന്നതിനായി കനകക്കുന്ന് പാലസ് ഹാളിലെ വാര്‍ത്തസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രിമാര്‍.
വെള്ളയമ്പലം മുതല്‍ ജി.പി.ഒ. വരെ വൈകുന്നേരം ആറുമണി മുതല്‍ 10 മണി വരെ വാഹന ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും.ഈ മേഖലയില്‍ കേരളീയത്തിലെ വേദികള്‍ ബന്ധിപ്പിച്ചുകൊണ്ട് സന്ദര്‍ശകര്‍ക്ക് സൗജന്യയാത്ര ഒരുക്കാന്‍ 20 ഇലക്ട്രിക് സ്വിഫ്റ്റ് ബസുകള്‍ കെ.എസ്.ആര്‍.ടി.സി. സ്ജ്ജീകരിച്ചിട്ടുണ്ട്.ഇലക്ട്രിക് സ്വിഫ്റ്റ് ബസ്സും പ്രത്യേക പാസ് നല്‍കിയ വാഹനങ്ങളും ആംബുലന്‍സും മറ്റ് അടിയന്തരസര്‍വീസുകളും മാത്രമേ ഈ മേഖലയില്‍ അനുവദിക്കു.നിര്‍ദിഷ്ട 20 പാര്‍ക്കിംഗ് സ്ഥലങ്ങളില്‍നിന്നു ഇവിടേക്കും തിരിച്ചും 10 രൂപ നിരക്കില്‍ കെ.എസ്.ആര്‍.ടി.സി. യാത്ര ഒരുക്കും.
കവടിയാര്‍ മുതല്‍ വെള്ളയമ്പലം വരെ ഭാഗിക ഗതാഗത നിയന്ത്രണത്തിലൂടെ മുഴുവന്‍ വാഹനങ്ങളും കടത്തിവിടുന്നതാണ്.നിര്‍ദിഷ്ട പാര്‍ക്കിംഗ് സ്ഥലങ്ങളിലല്ലാതെയുള്ള പാര്‍ക്കിംഗ് അനുവദിക്കില്ല. ഈ മേഖലയില്‍ ഇനി പറയുന്ന സ്ഥലങ്ങളിലൂടെ മാത്രം സ്വകാര്യ വാഹനങ്ങള്‍ ക്രോസ് ചെയ്തു പോകുന്നതിന് അനുവദിക്കുന്നതാണ്.പാളയം യുദ്ധസ്മാരകം:പട്ടം, പി.എം.ജി. ഭാഗത്തുനിന്നുള്ള വാഹനങ്ങള്‍ക്ക് യുദ്ധസ്മാരകം വേള്‍ഡ് വാര്‍ മെമ്മോറിയല്‍ പാളയം വഴി റോഡ് ക്രോസ് ചെയ്തു സര്‍വീസ് റോഡ് വഴി പഞ്ചാപുര-ബേക്കറി ജംഗ്ഷന്‍ -തമ്പാനൂര്‍ ഭാഗത്തേക്ക് പോകാവുന്നതാണ്.