‘അദ്ദേഹത്തിന്റെ ആഗ്രഹം അള്ളാഹു നടപ്പിലാക്കി’; ഐഎസില്‍ ചേര്‍ന്ന മലയാളി യുവാവ് യുഎസ് ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടു
ഇസ്ലാമിക് സ്‌റ്റേറ്റില്‍ (ഐഎസ്) ചേര്‍ന്ന മലയാളി യുവാവ് അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. 2017 ഒക്‌ടോബറിൽ ഐസിൽ ചേർന്ന മലപ്പുറം എടപ്പാൾ സ്വദേശി മുഹമ്മദ് മുഹ്‌സിനാണ് ഈ മാസം 18 ന് യുഎസ് നടത്തിയ ഡ്രോണ്‍ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
അഫ്‌ഗാനിസ്ഥാനിലെ അജ്ഞാത നമ്പരിൽ നിന്നും മുഹമ്മദ് മുഹ്സിന്റെ ബന്ധുക്കളെ മരണ വിവരം അറിയിക്കുകയായിരുന്നു.
“നിങ്ങളുടെ സഹോദരൻ രക്തസാക്ഷിത്വം വഹിച്ചിരിക്കുന്നു. അദ്ദേഹത്തിന്റെ ആഗ്രഹം അള്ളാഹു നടപ്പിലാക്കി. അമേരിക്കൻ സേനയുടെ ഡ്രോൺ ആക്രമണത്തിൽ 10 ദിവസം മുമ്പാണ് മരണം. ഇക്കാര്യം പൊലീസിൽ അറിയിക്കരുത്. അങ്ങനെ ചെയ്‌താൽ പൊലീസുകാർ ഉപദ്രവിക്കും” - എന്നായിരുന്നു സന്ദേശം.
മലയാളത്തിലാണ് സന്ദേശം ലഭിച്ചതെന്നാണ് റിപ്പോര്‍ട്ട്. നിരവധി മലയാളികളെ മുഹമ്മദ് മുഹ്‌സിന്‍ ഐഎസി ല്‍ ചേര്‍ത്തിട്ടുണ്ടെന്നാണ് വിവരം. പാകിസ്ഥാനില്‍ നിന്നും പരിശീലനം ലഭിച്ച ശേഷം ഇയാള്‍ ഐസ് ഭീകര്‍ക്കൊപ്പം പ്രവര്‍ത്തിക്കുകയായിരുന്നു.