ലണ്ടന്‍ മോഡല്‍ കെസ്ആര്‍ടിസി സിറ്റി സര്‍ക്കുലര്‍ സര്‍വീസിന് ഊര്‍ജമാകാന്‍ ഹരിയാനയില്‍ നിന്ന് ഇലക്ട്രിക് ബസുകള്‍ വരുന്നു

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 16 ജൂണ്‍ 2022 (15:36 IST)
തിരുവനന്തപുരം: ലണ്ടന്‍ മോഡലില്‍ തിരുവനന്തപുരം നഗരത്തിലാരംഭിച്ച കെഎസ്ആര്‍ടിസി സിറ്റി സര്‍ക്കുലര്‍ സര്‍വീസിനായി ഇലക്ട്രിക് ബസുകള്‍ എത്തുന്നു. ആദ്യ ബാച്ചില്‍ 5 ബസുകളാണ് ഹരിയാനയിലെ ഫാക്ടറിയില്‍ നിന്ന് കേരളത്തിലേക്ക് പുറപ്പെട്ടത്. മൂന്ന് ദിവസം കൊണ്ട് ഇവ തിരുവനന്തപുരത്ത് എത്തും.
 
കൊവിഡിന് ശേഷം നഗരവാസികളെ കെഎസ്ആര്‍ടിസിയിലേക്ക് തിരികെ കൊണ്ടുവരുന്നതില്‍ നിര്‍ണായക പങ്കാണ് പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയ സിറ്റി സര്‍ക്കുലര്‍ സര്‍വീസിനുള്ളത്. തുടക്ക കാലത്തുള്ളതിന്റെ ഇരട്ടിയോളം യാത്രക്കാര്‍ കയറിത്തുടങ്ങിയെങ്കിലും സര്‍വീസ് പൂര്‍ണ തോതില്‍ ലാഭകരമായിട്ടില്ല. സര്‍ക്കുലര്‍ സര്‍വീസ് ലാഭത്തിലാക്കുന്നതിനാണ് ഇലക്ട്രിക് ബസിലേക്കുള്ള ചുവടു മാറ്റം.
 
ഈ മാസം രണ്ട് ഘട്ടങ്ങളിലായി 25 ഇലക്ടിക് ബസുകള്‍ കൊണ്ടുവരാനായിരുന്നു ധാരണ. അല്‍പ്പം വൈകിയെങ്കിലും ഇതിലുള്ള അഞ്ച് ബസുകളാണ് ഇപ്പോള്‍ കേരളത്തിലേക്ക് വന്നുകൊണ്ടിരിക്കുന്നത്. അടുത്ത ഘട്ടത്തില്‍ 10 ബസ്സുകളും മൂന്നാം ഘട്ടത്തില്‍ 15 ബസ്സുകളും എത്തിക്കാനാവുമെന്നാണ് പ്രതീക്ഷ. നിലവില്‍ ലോ ഫ്‌ലോര്‍ ബസുകളാണ് സിറ്റിയില്‍ സര്‍ക്കുലര്‍ സര്‍വീസ് നടത്തുന്നത്.
 
നഷ്ടത്തിലുള്ള റൂട്ടുകളിലാണ് ആദ്യം ഇലക്ട്രിക് ബസുകള്‍ നല്‍കുക. അവിടങ്ങളില്‍ സര്‍വീസ് നടത്തുന്ന റെഡ് ബസുകളെ ഷട്ടില്‍ സര്‍വീസിലേക്ക് മാറ്റും. ഇലക്ടിക് ബസുകള്‍ എത്തുന്നതോടെ ഇന്ധനച്ചെലവ് കുറയുമെന്നും ടിക്കറ്റ് കളക്ഷന്‍ കൂടുമെന്നും മാനേജ്‌മെന്റ് കണക്ക് കൂട്ടുന്നു. നിലവില്‍ ശരാശരി 25000 ആളുകള്‍ കയറുന്ന സര്‍വീസിന്റെ പ്രതിദിന കളക്ഷന്‍ രണ്ടര ലക്ഷം രൂപയാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article