പരീക്ഷകളില്‍ കുട്ടികളെ തോല്‍പ്പിക്കുന്ന നയമല്ല കേരളത്തിന്റേത്; കേന്ദ്ര വിജ്ഞാപനത്തിനെതിരെ മന്ത്രി ശിവന്‍കുട്ടി

അഭിറാം മനോഹർ

ചൊവ്വ, 24 ഡിസം‌ബര്‍ 2024 (15:40 IST)
2009 ലെ വിദ്യാഭ്യാസ അവകാശ നിയമം ഭേദഗതി വരുത്തി കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനം കുട്ടികളുടെ  പക്ഷത്തുനിന്നു മാത്രമേ കേരളം പരിഗണിക്കുകയുള്ളൂവെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. 2020 ലെ ദേശീയ വിദ്യാഭ്യാസ നയം മുന്നോട്ടു വെക്കുന്ന 5 ലെയും 8 ലെയും പൊതു പരീക്ഷകളെ തുടര്‍ന്ന് കുട്ടികളെ പരാജയപ്പെടുത്തുക എന്നത് സര്‍ക്കാര്‍ നയമല്ല . മറിച്ച്  പാഠ്യ പദ്ധതി നിഷ്‌കര്‍ഷിക്കുന്ന തരത്തില്‍ ഓരോ ക്ലാസിലും ഓരോ കുട്ടിയും നേടേണ്ട ശേഷികള്‍ നേടുന്നുണ്ട് എന്ന് ഉറപ്പുവരുത്തുകയാണ് ചെയ്യുന്നത്. സര്‍ക്കാര്‍ ഇതിനകം തന്നെ സമഗ്ര ഗുണമേന്മാ പദ്ധതിയുടെ ഭാഗമായി ഈ കാര്യങ്ങള്‍ ആസൂത്രണം ചെയ്യുകയും ഇക്കഴിഞ്ഞ അര്‍ദ്ധവാര്‍ഷിക പരീക്ഷ മുതല്‍ നടപ്പിലാക്കാന്‍ തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്.
 
 8, 9, 10 ക്ലാസുകളിലും നിശ്ചിത ശേഷികള്‍ നേടാത്തവര്‍ക്കായി പ്രത്യേക പഠന പിന്തുണാ പരിപാടി സ്‌കൂള്‍ തലത്തില്‍ സംഘടിപ്പിക്കുകയും ഈ ശേഷികള്‍ നേടുന്നുണ്ട് എന്ന് ഉറപ്പുവരുത്തുകയും ചെയ്യും. പൊതുവിദ്യാഭ്യാസത്തിന്റെ ഗുണമേന്മ ഉറപ്പുവരുത്തുന്ന കാര്യത്തില്‍ സര്‍ക്കാര്‍ യാതൊരു വിധ വിട്ടുവീഴ്ചകള്‍ക്കും ഒരുക്കമല്ല. കുട്ടികള തോല്പിക്കുക എന്നത് സര്‍ക്കാര്‍ നയമല്ല.എല്ലാവിഭാഗം കുട്ടികളെയും ചേര്‍ത്ത് നിര്‍ത്തുന്ന നയമാണ് കേരള സര്‍ക്കാരിന്റേത്. ഒരു വിഭാഗം വിദ്യാര്‍ത്ഥികളെ അരിച്ചു കളയുന്ന രീതിക്കെതിരെ എന്നും കേരളം മുന്നില്‍ ഉണ്ടാകുമെന്നും മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍