ഗോമാംസം വിളമ്പുന്നുവെന്ന് ആരോപിച്ച് അനധികൃതമായി കേരള ഹൗസില്‍ പ്രവേശിച്ചവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാനും, ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ട നടപടികള്‍ കൈക്കൊള്ളുവാനും കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്തെഴുതി.
ഡല്‍ഹി പൊലീസിന്റെ നടപടികള്‍ അങ്ങേയറ്റം പ്രതിഷേധാര്‍ഹവും അനധികൃതവുമാണ്. ഡല്‍ഹിയില്‍ കേരളത്തിന്റെ ചുമതലയുള്ള റസിഡന്റ് കമ്മിഷണറുടെയോ മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയോ അനുവാദമില്ലാതെ നടത്തിയ റെയ്ഡും ചോദ്യം ചെയ്യലും കേരള ഹൗസിന്റെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തിയതായി മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടി.
കേരള ഹൗസില്‍ പ്രവര്‍ത്തിക്കുന്ന കാന്റീനില്‍ ഇന്നലെ വൈകിട്ട് നാലുമണിയോടടുപ്പിച്ച് ബീഫ് വിളമ്പുന്നു എന്ന പേരില്‍ അനുവാദം ഇല്ലാതെ ചില വ്യക്തികളും ഡല്‍ഹി പൊലീസും ചേര്‍ന്ന് നടത്തിയ റെയ്ഡില്‍ പ്രതിഷേധിച്ചുകൊണ്ട് റസിഡന്റ് കമ്മീഷണര്‍ ഡല്‍ഹി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.നിയമം അനുശാസിക്കുന്ന തരത്തിലുള്ള സസ്യവിഭവങ്ങളും മാംസ വിഭവങ്ങളുമാണ് കേരള ഹൗസ് കാന്റീനില്‍ ലഭിക്കുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.