കേരള ഹൗസ് കാന്റീനില്‍ പശുവിറച്ചി വിളമ്പുന്നുവെന്ന് വ്യാജ പരാതി നല്‍കിയ ഹിന്ദുസേന നേതാവ് വിഷ്‌ണു ഗുപ്‌തയെ ഡല്‍ഹി പൊലീസ് അറസ്‌റ്റു ചെയ്‌തു. ബോധപൂര്‍വം സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിച്ചു, വര്‍ഗീയ സംഘര്‍ഷമുണ്ടാകാന്‍ സാധ്യതയുള്ള രീതിയില്‍ വ്യാജ പരാതി നല്‍കി, തെറ്റായ വാര്‍ത്തകള്‍ നല്‍കി എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഇയാളെ അറസ്‌റ്റു ചെയ്‌തിരിക്കുന്നത്.
കേരള ഹൗസ് കാന്റീനില്‍ റെയ്‌ഡ് നടന്നതിന് പിന്നാലെ വിവാദങ്ങള്‍ പൊട്ടിപ്പുറപ്പെട്ടതും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് പ്രതിഷേധം അറിയിക്കുകയും ചെയ്‌തതിന് പിന്നാലെ ദേശിയ തലത്തില്‍ സംഭവം വാര്‍ത്താ പ്രാധാന്യം നേടിയതോടെയുമാണ് പൊലീസ് സ്വമേധയ കേസെടുത്തത്.
തിങ്കളാഴ്ച വൈകിട്ടാണ് മലയാളിയായ പ്രതീഷ് വിശ്വനാഥനും മറ്റു രണ്ടു പേരും ഡല്‍ഹി കേരള ഹൗസില്‍ എത്തി പശുമാംസം വില്‍ക്കുന്നുവെന്ന് ആരോപിച്ച് പ്രശ്നങ്ങള്‍ സൃഷ്ടിച്ചത്. ഇവര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേരള ഹൌസില്‍ കടന്നു ഡല്‍ഹി പൊലീസ് റെയ്ഡ് നടത്തുകയുമായിരുന്നു.