കടകളിൽ പോവാൻ വാക്‌സിൻ സ്വീകരിക്കണമെങ്കിൽ മദ്യവിൽപനശാലകൾക്കും അത് ബാധകമാകണം: സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി

Webdunia
ചൊവ്വ, 10 ഓഗസ്റ്റ് 2021 (12:38 IST)
കൊവിഡ് കാലത്ത് മദ്യ‌വിൽപ്പന ശാലകളിലെ തിരക്കിൽ ആശങ്ക പ്രകടിപ്പിച്ച് കേരള ഹൈക്കോടതി. സംസ്ഥാന സർക്കാരിന്റെ പുതുക്കിറ്റ കൊവിഡ് മാർഗനിർദേശങ്ങൾ എന്തുകൊണ്ടാണ് മദ്യവിൽപനശാലകൾക്ക് ബാധകമാവാത്തതെന്ന് കോടതി ചോദിച്ചു.
 
കടകളിൽ പോകുന്നവർ വാക്സീൻ സ്വീകരിച്ചിരിക്കണം എന്ന വ്യവസ്ഥ മദ്യവിൽപ്പനശാലകൾക്കും ബാധകമാക്കണമെന്ന് കോടതി വ്യക്തമാക്കി. ഇക്കാര്യത്തിൽ വ്യക്തമായ മറുപടി നൽകാൻ കോടതി സർക്കാരിന് നിർദേശം നൽകി. സംസ്ഥാനത്തെ മദ്യശാലകൾക്ക് മുന്നിൽ എപ്പോഴും തിരക്കാണ്. പോലീസ്  ബാരിക്കേഡ് വച്ച് അടിച്ചൊതുക്കിയാണ് തിരക്ക് നിയന്ത്രിക്കുന്നത്. ഇത് താൻ നേരിട്ട് കണ്ട സംഭവമാണെന്നും കേസ് പരിഗണിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.
 
മദ്യം വാങ്ങാൻ എത്തുന്നവരെ കന്നുകാലികളെ പോലെയാണ് കാണുന്നതെന്നും കോടതി പറഞ്ഞു. വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് നിർബന്ധം എന്നുള്ളത് മദ്യവിൽപ്പനശാലകളിലും ബാധകമാക്കണം. വാക്സീനേഷന്‍ പരമാവധി ആളുകളിലേക്ക് എത്താന്‍ ഇത് ഉപകരിക്കും. മദ്യം വാങ്ങേണ്ടതിനാല്‍ കൂടുതല്‍ ആളുകള്‍ വാക്സീന്‍ എടുക്കും. വിഷയത്തിൽ സംസ്ഥാന സർക്കാർ നാളെ മറുപടി നൽകണമെന്നും കേസ് നാളെ വീണ്ടും പരിഗണിക്കുമെന്നും കോടതി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article