സ്കൂളുകള്‍ക്കു പകരം ബാച്ച്: സര്‍ക്കാരിന് ഹൈക്കോടതിയുടെ വിലക്ക്

Webdunia
വ്യാഴം, 10 ജൂലൈ 2014 (14:06 IST)
സംസ്ഥാനത്ത് പുതിയ പ്ളസ്ടു സ്കൂളുകള്‍ അനുവദിക്കുന്നതിനു പകരം പുതിയ ബാച്ചുകള്‍ അനുവദിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതി റദ്ദാക്കി.

പുതിയ പ്ളസ്ടു സ്കൂളുകള്‍ അനുവദിക്കുന്നതിനുള്ള അനുമതി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നേരത്തേ സര്‍ക്കാറിന് നല്‍കിയതായിരുന്നു. ഈ വിധി നിലനില്‍ക്കെയാണ് പുതിയ ബാച്ചുകള്‍ അനുവദിക്കാന്‍ തീരുമാനം ഏടുത്തത്. ഇത് ചോദ്യം ചെയ്ത് ഏതാനും ചില സ്കൂളുകള്‍ കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് ജസ്റ്റിസ് പി.എന്‍ രവീന്ദ്രന്‍ പുതിയ വിധി പുറപ്പെടുവിച്ചത്.

സംസ്ഥാനത്ത് 148 പ്ളസ്ടു സ്കൂളുകള്‍ സ്ഥാപിക്കുന്നതിനായി സര്‍ക്കാര്‍ നേരത്തേ തീരുമാനമെടുത്തിരുന്നു. എന്നാല്‍ സാമ്പത്തിക ബാധ്യത മുന്നില്‍ കണ്ട് ഈ തീരുമാനം പിന്നീട് റദ്ദാക്കുകയായിരുന്നു. പകരം അധിക ബാച്ച് അനുവദിക്കാന്‍ തീരുമാനിക്കുകയായിരുന്നു.