കേരളം സമ്പൂര്‍ണ്ണ ബാങ്കിംഗ് സംസ്ഥാനമായി

Webdunia
ബുധന്‍, 12 നവം‌ബര്‍ 2014 (13:29 IST)
പ്രധാനമന്ത്രി ധന്‍ ജന്‍ യോജന പദ്ധതിയില്‍ രാജ്യത്ത് ആദ്യമായി ലക്ഷ്യം കൈവരിച്ച സംസ്ഥാനമായി കേരളം മാറി. പദ്ധതിപ്രകാരം നൂറുശതമാനം കുടുംബങ്ങളും കേരളത്തില്‍ ബാങ്ക് അക്കൌണ്ട് തുടങ്ങി.

എല്ലാ കുടുംബങ്ങള്‍ക്കും ബാങ്ക് അക്കൗണ്ട് എന്ന ലക്ഷ്യമിട്ടുള്ള പ്രധാനമന്ത്രിയുടെ ജന്‍ധന്‍ യോജനയിലാണ് കേരളം ലക്ഷ്യം നേടിയത്. ആഗസ്ത് 15 നാണ് ഈ പദ്ധതി തുടങ്ങിയത്. 2015 ജനവരി 26നാണ് ലക്ഷ്യം നേടേണ്ടത്. എന്നാല്‍ കേരളം ഈ നവംബര്‍ ഒന്നിനുതന്നെ ലക്ഷ്യംനേടിയിരുന്നു.

കേരളം ലക്ഷ്യം നേടിയതായി ധനമന്ത്രി കെ‌എം മാണിയാണ് പ്രഖ്യാപിച്ചത്. 12.8 ലക്ഷം കുടുംബങ്ങളില്‍ അക്കൗണ്ട് തുറന്ന് കേരളം ലക്ഷ്യം കൈവരിച്ചു. 326 കോടി രൂപയാണ് ഈ അക്കൗണ്ടുകളിലൂടെ ലഭിച്ച നിക്ഷേപം. 5.25 ലക്ഷം റുപ്പെ കാര്‍ഡുകളും നല്‍കി. അക്ഷയ കേന്ദ്രങ്ങളും കുടുംബശ്രീ യൂണിറ്റുകളും കൈകോര്‍ത്ത് നടത്തിയ യജ്ഞത്തിലൂടെയാണ് കേരളം ഈ ലക്ഷ്യം കൈവരിച്ചത്.

ഇതിന്റെ അടുത്തഘട്ടത്തില്‍ എല്ലാ വീട്ടിലും ഒരു വനിതാ അംഗത്തിന് ബാങ്ക് അക്കൗണ്ട് ഉറപ്പാക്കും. റുപ്പെ കാര്‍ഡും ഇന്‍ഷ്വറന്‍സും നല്‍കും. സാമ്പത്തിക സാക്ഷരത ഉറപ്പാക്കിയശേഷം ബാങ്കുകളില്‍നിന്ന് മുന്‍കൂറായി പണം പറ്റാനുള്ള സൗകര്യവും ഈ അക്കൗണ്ട് ഉടമകള്‍ക്ക് നല്‍കും.

2003ല്‍ ക്രിസില്‍ നടത്തിയ റേറ്റിങ്ങില്‍ ബാങ്ക് സേവനങ്ങള്‍ വ്യാപകമാക്കുന്നതില്‍ മുന്നിലെത്തിയ മൂന്നു സംസ്ഥാനങ്ങളില്‍ ഒന്ന് കേരളമായിരുന്നുവെന്ന് മന്ത്രി മാണി ചൂണ്ടിക്കാട്ടി. സാമ്പത്തിക സ്വാതന്ത്ര്യം യാഥാര്‍ത്ഥ്യമാകണമെങ്കില്‍ ബാങ്കിങ് സേവനം ലഭ്യമാകണമെന്നും അദ്ദേഹം പറഞ്ഞു.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും  പിന്തുടരുക.