കേരളാ കോണ്‍ഗ്രസില്‍ (എം) ചില പ്രശ്‌നങ്ങളുണ്ടെന്ന് പിജെ ജോസഫ്. നിലവിലെ പ്രശ്‌നപരിഹാരത്തിനുള്ള ചര്‍ച്ചകള്‍ തുടരും. കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടുന്നത് സ്വാഭാവികം മാത്രമാണ്. സീറ്റ് ചര്‍ച്ച സംബന്ധിച്ച് പുറത്തുവരുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കേരളാ കോണ്‍ഗ്രസ് എമ്മില്‍ സീറ്റ് ചര്‍ച്ചകള്‍ ഇതുവരെ ആരംഭിച്ചിട്ടില്ലെന്ന് പാര്‍ട്ടി ചെയര്‍മാന്‍ കെഎം മാണി പറഞ്ഞു. പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടെന്നു വരുത്തിത്തീര്‍ക്കാനാണ് ശ്രമം നടക്കുന്നത്. താനും ജോസഫും കൂടി ഒരുമിച്ച് ഇരുന്നാണ് സീറ്റ് ചര്‍ച്ചകള്‍ നടത്താറുള്ളത്. ഇതുവരെ സീറ്റു സംബന്ധിച്ച് ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നും മാണി പറഞ്ഞു.
മാണി ഒറ്റയ്ക്ക് തീരുമാനങ്ങൾ എടുക്കുന്നതും നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റ് തര്‍ക്കമാണ് പുതിയ സാഹചര്യത്തിന് കളമൊരുക്കിയത്. ഈ സാഹചര്യത്തില്‍ മാണിയും ജോസഫും തമ്മിൽ അത്ര രസത്തിലല്ലെന്നാണ് പാര്‍ട്ടിയില്‍ നിന്നു തന്നെ ഉയരുന്ന വാര്‍ത്തകള്‍. നിയമസഭാ സമ്മേളനത്തിന്റെ അവസാന ദിനമാണ് മുന്നണിയിൽ പ്രത്യേക ഘടകകക്ഷിയായി പരിഗണിക്കണമെന്ന ആവശ്യവുമായി ജോസഫ് മുഖ്യമന്ത്രിയെ സമീപിച്ചത്. ജോസഫിന്റെ ആവശ്യത്തിനു മുഖ്യമന്ത്രി എന്തു മറുപടി നല്‍കി എന്ന് വ്യക്തമായിട്ടില്ല. മാണി ഗ്രൂപ്പിൽനിന്ന് മാറി പ്രത്യേക ഘടകകക്ഷിയായി യുഡിഎഫിൽ തുടരാനുള്ള ജോസഫ് വിഭാഗത്തിന്റെ നീക്കം.
എന്നാല്‍ യുഡിഎഫ് വിടുന്നതിനോട് ജോസഫിനു താത്പര്യമില്ല. തെരഞ്ഞെടുപ്പ് അടുത്ത സമയത്ത് യുഡിഎഫ് വിട്ട് മറ്റ് മുന്നണിയില്‍ ചേര്‍ന്നാല്‍ ജയസാധ്യതകളെ ബാധിക്കുമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. അതിനൊപ്പം തന്നെ വിശ്വസ്‌തരായ ഫ്രാന്‍സിസ് ജോര്‍ജ്, ആന്റണി രാജു, ഡോ കെസി ജോസഫ് തുടങ്ങിയ നേതാക്കളെ മാണി തഴയുന്നതും ജോസഫിനെ അസ്വസ്‌തമാക്കിയിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇവര്‍ക്ക് സീറ്റ് ലഭിക്കുന്ന കാര്യവും പരുങ്ങലിലാണ്. അതേസമയം, മാണിയുടെ കീഴില്‍ നില്‍ക്കാതെ സ്വതന്ത്രമായി നില്‍ക്കണമെന്നാണ് ജോസഫ് വിഭാഗത്തിലെ പ്രമുഖര്‍ ആവശ്യപ്പെടുന്നത്.
ബാര്‍ കോഴക്കേസില്‍ രാജിവെച്ചപ്പോള്‍ ഒപ്പം രാജിവക്കാന്‍ മാണി ആവശ്യപ്പെട്ടുവെങ്കിലും ജോസഫ് ആ നീക്കം പൊളിച്ചതാണ് മാണിക്ക് ജോസഫിനോട് വൈരാഗ്യം തോന്നാന്‍ കാരണമായത്. തുടര്‍ന്ന് ഇരു നേതാക്കളും നല്ല ബന്ധത്തില്‍ ആല്ലായിരുന്നു. പിന്നാലെ റബര്‍ വിലയില്‍ ഇടിവ് സംഭവിച്ചതും കര്‍ഷകരെ സഹായിക്കാന്‍ മാണി തയാറാകാത്തതും ബന്ധത്തില്‍ വിള്ളല്‍ വീഴാന്‍ കാരണമായി.