ജോര്‍ജ് വിഷയം മുഖ്യമന്ത്രി ഫലപ്രദമായി കൈകാര്യം ചെയ്യും: സുധീരന്‍

Webdunia
വെള്ളി, 27 മാര്‍ച്ച് 2015 (12:09 IST)
കേരള കോണ്‍ഗ്രസ് (എം) പാര്‍ട്ടി ചെയര്‍മാന്‍ കെഎം മാണിയും ചീഫ് വിപ്പ് പിസി ജോര്‍ജും തമ്മിലുള്ള പ്രശ്‌നം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഫലപ്രദമായി കൈകാര്യം ചെയ്യുമെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. ഈ വിഷയം മുഖ്യമന്ത്രി ഘടകകക്ഷികളുമായി ചര്‍ച്ച നടത്തി ഉചിതമായ തീരുമാനം കൈക്കൊള്ളും. നേതാക്കള്‍ പരസ്യമായ പ്രസ്താവനകള്‍ നടത്തിയത് ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു.

കെഎം മാണിയും പിസി ജോര്‍ജും തമ്മിലുള്ള പ്രശ്‌നത്തില്‍ ഉചിതമായ തീരുമാനം കൈക്കൊള്ളേണ്ടത് മുഖ്യമന്ത്രിയാണ്. അദ്ദേഹം ഇരുവരുമായി സംസാരിച്ച് പ്രശ്‌നങ്ങളില്‍ വ്യക്തത കൈവരുത്തുമെന്നും സുധീരന്‍ പറഞ്ഞു. അരുവിക്കരയില്‍ ആരെ സ്ഥാനാര്‍ഥിയാക്കണമെന്ന് ഇതുവരെ സ്വീകരിച്ചിട്ടില്ല. കോണ്‍ഗ്രസിന്റെ ഉറച്ചതും ജയസാധ്യതയുള്ളതുമായ സീറ്റാണ് അരുവിക്കര. വരുന്ന ഏഴാം തിയതി ചേരുന്ന യോഗത്തില്‍ അരുവിക്കര വിഷയത്തില്‍ തീരുമാനം ഉണ്ടാകും. പ്രാദേശിക നേതാക്കളുമായി ഈ കാര്യം ചര്‍ച്ച ചെയ്യുമെന്നും സുധീരന്‍ വ്യക്തമാക്കി.

അരുവിക്കര സീറ്റിനെ ചൊല്ലിയുള്ള ആര്‍ എസ് പിയുടെ ആവശ്യത്തില്‍ തീരുമാനം എടുക്കേണ്ടതും പറയേണ്ടതും മുഖ്യമന്ത്രിയാണ്. യുഡി എഫ് ഒറ്റക്കെട്ടായി നിന്ന് തെരഞ്ഞെടുപ്പിനെ നേരിടും. ജി കാർത്തികേയന്റെ ഓര്‍മ്മകള്‍ നിറഞ്ഞു നില്‍ക്കുന്നയിടമാണ് അരുവിക്കരയെന്നും സുധീരന്‍ പറഞ്ഞു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.