മാണി വീണാല്‍ പകരം ജോസ് കെ മാണി; അണിയറയില്‍ ചര്‍ച്ച സജീവം!

Webdunia
തിങ്കള്‍, 15 ഡിസം‌ബര്‍ 2014 (18:25 IST)
ബാര്‍ കോഴ ആരോപണം ആഞ്ഞടിക്കുന്ന സാഹചര്യത്തില്‍ രാജിവയ്ക്കേണ്ട ഘട്ടം എത്തിയാൽ പകരം മകനും എംപിയുമായ ജോസ് കെ മാണിയെ മന്ത്രിയാക്കാൻ കേരളാ കോണ്‍ഗ്രസ് (എം) അണിയറയില്‍ നീക്കം നടത്തുന്നതായി റിപ്പോര്‍ട്ട്.

നിലവിലെ സാഹചര്യത്തില്‍ അതികം നാള്‍ മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന  തോന്നലാണ് മാണിക്ക് പകരം ജോസ് കെ മാണിയെ മന്ത്രിയാക്കാൻ നീക്കം നടത്താന്‍ കാരണമായത്. ആറുമാസം വരെ തെരഞ്ഞെടുപ്പ് കൂടാതെ മന്ത്രി സ്ഥാനത്ത് ഇരിക്കാന്‍ നിയമം അനുവദിക്കുന്നതിനാല്‍ തങ്ങളുടെ പാളയത്തില്‍ നിന്ന് തന്നെ ആളെ മുന്‍ കൂട്ടി നിശ്ചിയിക്കുക കൂടിയാണ് മാണി ഗ്രൂപ്പ് ഇതുവഴി നടപ്പാക്കുന്നത്. ധനമന്ത്രിയായി തന്നെയാകും ജോസ് കെ മാണിയെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുക.

ഈ ആറ് മാസം കൊണ്ട് മാണി കേസന്വേഷണം പൂർത്തിയായി കുറ്റവിമുക്തനാക്കപ്പെട്ടാൽ പഴയ പദവിയിലേക്ക് തിരികെ എത്താനും കഴിയും. മാണി രാജിവെച്ച് മന്ത്രി സ്ഥാനം മറ്റ് ഗ്രൂപ്പുകള്‍ കൈകാര്യം ചെയ്താല്‍ കേസന്വേഷണം പൂർത്തിയായി മാണി തിരികെ എത്തുമ്പോള്‍ പെട്ടെന്ന് തന്നെ മന്ത്രി സ്ഥാനം തിരികെ ലഭിക്കാനുള്ള സാഹചര്യം ഉണ്ടായില്ലെങ്കിലോ എന്ന പേടിയും മാണി ഗ്രൂപ്പിന് ഉണ്ട്. അതാണ് ജോസ് കെ മാണിയെ മന്ത്രിയാക്കാൻ നീക്കം നടത്തുന്നത്.

മാണിക്ക് രാജിവയ്ക്കേണ്ടിവന്നാൽ മാണി ഗ്രൂപ്പിലെ മറ്റുമന്ത്രിമാർക്ക് ധനമന്ത്രിസ്ഥാനം കൊടുക്കാൻ കോൺഗ്രസ് തയ്യാറാകുമോ എന്ന സംശയം പാർട്ടിക്കുള്ളിൽ തന്നെയുണ്ട്. പിജെ ജോസഫിന് മന്ത്രിസ്ഥാനം കൊടുക്കണമെന്ന് ആവശ്യമുയരുമെങ്കിലും മാണിഗ്രൂപ്പ് നേതാക്കൾ അതിനോട് താൽപ്പര്യം കാട്ടാനിടയില്ല. ഈ കാരണവും ജോസ് കെ. മാണിക്ക് നറുക്ക് വീഴാന്‍ കാരണമാകും.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.