സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രനെതിരെ കേരള കോണ്‍ഗ്രസ് എമ്മിന്റെ കടുത്ത വിമര്‍ശനം. മുന്തിരി പുളിക്കുമെന്ന് പറയുന്ന കുറുക്കനെപ്പോലെ മാത്രമേ പന്ന്യന്റെ പ്രസ്താവനയെ കാണുന്നുള്ളൂ. കെഎം മാണി മുഖ്യമന്ത്രിയാകാന്‍ യോഗ്യനാണെന്ന് പറഞ്ഞതും ക്ഷണിച്ചതും പന്ന്യന്‍ രവീന്ദ്രനാണ്. അതേ പന്ന്യന്‍ രവീന്ദ്രന്‍ കഴിഞ്ഞ കുറേ ദിവസങ്ങളായി കെഎം മാണിയുടെ അയോഗ്യതയെക്കുറിച്ച് പ്രസംഗിക്കുന്നതിന്റെ യുക്തിയെന്താണെന്ന് പാര്‍ട്ടി നേതൃത്വം ചോദിക്കുന്നു.
കെഎം മാണിയോ അദ്ദേഹത്തിന്റെ പാര്‍ട്ടിയോ ഇടതു മുന്നണിയില്‍ ചേര്‍ക്കണമെന്ന അഭ്യര്‍ഥനയുമായി ആരുടെയും പിന്നാലെ നടന്നിട്ടില്ല.
ജനാധിപത്യ സംവിധാനത്തിലെ ഏറ്റവും വലിയ അഴിമതിയും പാതകവുമായ സീറ്റ് വില്‍പന നടത്തി സ്വന്തം പാര്‍ട്ടിയില്‍ നിന്നും മുന്നണിയില്‍ നിന്നും ശാസന ഏറ്റുവാങ്ങുകയും ജനങ്ങളുടെ മുന്നില്‍ അപഹാസ്യനാവുകയും ചെയ്ത ആളാണ് പന്ന്യനെന്നും പ്രസ്താവനയില്‍ പറയുന്നു.