സംസ്ഥാനത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 45,995; സെപ്റ്റംബര്‍ 25നു ശേഷം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ കണക്ക്

ശ്രീനു എസ്
വെള്ളി, 5 മാര്‍ച്ച് 2021 (12:20 IST)
സംസ്ഥാനത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 45,995 ആയി. സെപ്റ്റംബര്‍ 25നു ശേഷം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ കണക്കാണിത്. രോഗം വളരെ വേഗത്തില്‍ കുറയുന്ന പ്രവണതയാണ് കാണുന്നതെന്നും കഴിഞ്ഞ ഒരാഴ്ചയില്‍ മാത്രം 13 ശതമാനം കുറവാണ് രോഗികളുടെ എണ്ണത്തില്‍ ഉണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു.
 
ഒരു മാസം കൊണ്ട് രോഗികളുടെ എണ്ണത്തില്‍ മുപ്പതു ശതമാനത്തിലധികം കുറവും വന്നിട്ടുണ്ട്. മാര്‍ച്ച് ഒന്നു മുതല്‍ വാക്‌സിന്‍ രാജ്യവ്യാപകമായി കൊടുത്തുവരികയാണ്. സംസ്ഥാനത്ത് പൊതുവേ നല്ല സ്വീകാര്യതയാണ് വാക്‌സിനുകള്‍ക്ക് ലഭിക്കുന്നത്. ഐസിഎംആറിന്റെ സഹായത്തോടെ ഭാരത് ബയോടെക് നിര്‍മിക്കുന്ന കോവാക്‌സിനുമായി ബന്ധപ്പെട്ട് ചില സംശയങ്ങള്‍ ജനങ്ങള്‍ക്കിടയിലുണ്ടായിരുന്നു. അതിന്റെ മൂന്നാംഘട്ട പരീക്ഷണ ഫലങ്ങള്‍ ലഭിക്കാന്‍ ഉണ്ടായ കാലതാമസത്തിന്റെ ഭാഗമായി വാക്‌സിനെടുക്കാന്‍ ജനങ്ങള്‍ക്കിടയില്‍ അല്‍പം വിമുഖതയുണ്ടായിരുന്നു.
 
ഇപ്പോള്‍ മൂന്നാംഘട്ട പരീക്ഷണ ഫലങ്ങളുടെ ഇടക്കാല റിസള്‍ട്ട് ഐസിഎംആര്‍ തന്നെ പുറത്തുവിട്ടിട്ടുണ്ട്. അതനുസരിച്ച് 81 ശതമനം ഫലപ്രാപ്തി ആ വാക്‌സിനുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. വളരെ തീവ്ര ലക്ഷണങ്ങളോടു കൂടിയ കോവിഡും, കോവിഡ് മരണങ്ങളും തടയാന്‍ ഈ വാക്‌സിനു സാധിക്കുമെന്ന വിവരങ്ങളാണ് പുറത്തു വിട്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article