എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമി ഇടപാടില്‍ മേജർ ആർച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാർ ജോര്‍ജ് ആലഞ്ചേരി അടക്കം നാല് പേർക്കെതിരെ അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി നിര്‍ദേശം നല്‍കിയ പശ്ചാത്തലത്തില്‍ പൊലിസ് ഇന്ന് കേസ് രജിസ്റ്റര്‍ ചെയ്യും.
മാര്‍ ജോര്‍ജ് ആലഞ്ചേരി, ഫാ ജോഷ് പൊതുവ, ഫാ വടക്കുമ്പാടന്‍, ഇടനിലക്കാരനായ സജു വര്‍ഗീസ് എന്നവര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്യുക.
കര്‍ദ്ദിനാളിനെതിരെ കേസെടുക്കാമെന്ന ഹൈക്കോടതി ഉത്തരവിന്റെ പകര്‍പ്പ് പൊലീസിന് കഴിഞ്ഞ ദിവസം കിട്ടിയിരുന്നില്ല. ഇന്ന് പകര്‍പ്പ് ലഭിക്കുന്നതിന് പിന്നാലെ കേസ് രജിസ്‌റ്റര്‍ ചെയ്‌തു തുടര്‍ നടപടികള്‍ ആരംഭിക്കുമെന്ന് എറണാകുളം സെന്‍ട്രല്‍ പൊലീസ് വ്യക്തമാക്കി.
കര്‍ദ്ദിനാളിനെതിരെ ഹൈക്കോടതി കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചതിന് ശേഷവും സീറോ മലബാര്‍ സഭ അടിയന്തര സിനഡ് യോഗം മാർ ജോര്‍ജ് ആലഞ്ചേരിക്ക് പിന്തുണ അറിയിച്ചു. കേസില്‍ അന്വേഷണമാകാമെന്ന് മാത്രമാണ് ഉത്തരവിലുള്ളത്, അല്ലാതെ കര്‍ദ്ദിനാല്‍ കുറ്റക്കാരനാണെന്ന് കോടതി പറഞ്ഞിട്ടില്ല. അതിനാല്‍ കര്‍ദ്ദിനാള്‍ രാജി വെക്കേണ്ട സാഹചര്യമില്ലെന്നാണ് സിനഡിന്റെ വിലയിരുത്തല്‍.
അതേസമയം, കര്‍ദ്ദിനാള്‍ സ്ഥാന ത്യാഗം ചെയ്യണമെന്ന് ഒരു വിഭാഗം വിശ്വാസികള്‍ ആവശ്യപ്പെട്ടു. സഭയ്‌ക്കുള്ളില്‍ തന്നെ ആലഞ്ചേരിക്കെതിരെ നീക്കം നടക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.