ശബരിമല തീര്‍ഥാടകർക്കായുള്ള വിമാനത്താവളം കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പളളി താലൂക്കിലുള്ള ഹാരിസണ്‍ പ്ലാന്‍റേഷന്‍റെ ചെറുവള്ളി എസ്റ്റേറ്റിൽ നിർമിക്കും. ഇന്നു ചേർന്ന മന്ത്രിസഭായോഗമാണ് ഇതു സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.
ഇതിനായി 2263ഏക്കർ ഏറ്റെടുക്കാൻ ഇന്നു ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. ഇവിടെ നിന്ന് 48 കിലോമീറ്റർ ദൂരമാണ് ശബരിമലയിലേക്കുള്ളത്. രണ്ടു ദേശീയപാതകളുടെയും അഞ്ച് പൊതുമരാമത്തു റോഡുകളുടെയും സമീപത്താണു സ്ഥലം. കൊച്ചിയില്‍നിന്ന് 113 കിലോ മീറ്റര്‍ ദൂരമുണ്ട്.
സ്ഥലം കണ്ടെത്തുന്നതിന് അഡീഷണല്‍ ചീഫ് സെക്രട്ടറി പിഎച്ച് കുര്യന്‍റെ നേതൃത്വത്തില്‍ നാലംഗ ഉദ്യോഗസ്ഥ സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. ഈ സമിതിയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ചെറുവളളി എസ്റ്റേറ്റില്‍ വിമാനത്താവളം പണിയാന്‍ തീരുമാനിച്ചത്.
വിമാനത്താവളത്തിനായി ആറന്മുളയിലാണ് നേരത്തെ സ്ഥലം കണ്ടെത്തിയിരുന്നതെങ്കിലും പരിസ്ഥിതി പ്രവർത്തകരുടെ എതിർപ്പിനെ തുടർന്ന് സർക്കാർ അത് ഉപേക്ഷിക്കുകയായിരുന്നു.