ക്ഷീരമേഖലയില്‍ ആനന്ദ് മോഡല്‍ നടപ്പാക്കും: കെസി ജോസഫ്

Webdunia
ചൊവ്വ, 2 ജൂണ്‍ 2015 (17:18 IST)
സംസ്ഥാനത്തെ ക്ഷീരമേഖലയില്‍ മൃഗ ചികിത്സാ സൗകര്യങ്ങള്‍ വ്യാപകമാക്കുന്നതിന് ആനന്ദ് മോഡല്‍ നടപ്പാക്കുമെന്ന് ക്ഷീരവികസന വകുപ്പ് മന്ത്രി കെസി ജോസഫ്. ഡോക്ടര്‍മാര്‍ വീടുകളിലെത്തി ചുരുങ്ങിയ ചെലവില്‍ മൃഗങ്ങളെ പരിശോധിക്കുന്നതിനുള്ള വിപുലമായ സംവിധാനമാണ് ഈ മാതൃകയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ക്ഷീര സഹകരണ സംഘങ്ങളുടെ സഹകരണത്തോടെയാണ് ആനന്ദ് മോഡല്‍ നടപ്പാക്കുകയെന്നും മന്ത്രി വ്യക്തമാക്കി. 
 
ലോക ക്ഷീരദിനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനച്ചടങ്ങില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. കേരളം ക്ഷീരോല്‍പ്പാദനത്തില്‍ സ്വയംപര്യാപ്തതയുടെ പടിവാതില്‍ക്കലാണ്. ആവശ്യത്തിലേറെ പാല്‍ ഉല്‍പ്പാദിപ്പിക്കാന്‍ ഇപ്പോള്‍ മലബാര്‍ മേഖലയ്ക്ക് കഴിയുന്നുണ്ട്. മില്‍ക്ക് ഷെഡ് ഡവലപ്‌മെന്റ് പ്രോഗ്രാമിലൂടെ തിരുവനനന്തപുരം, എറണാകുളം മേഖലകളെ കൂടി സ്വയം പര്യാപ്തമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പാലിനായി അയല്‍ സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട ഗതികേട് ഇതോടെ ഇല്ലാതാകുമെന്നും അദ്ദേഹം പറഞ്ഞു. 
 
ക്ഷീര കര്‍ഷകരുടെ പെന്‍ഷന്‍ ആയിരം രൂപയാക്കി വര്‍ധിപ്പിക്കുന്നത് സര്‍ക്കാരിന്റെ പരിഗണനയിലാണ്. യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷമാണ് പെന്‍ഷന്‍ അഞ്ഞൂറ് രൂപയാക്കിയത്. ക്ഷീരമേഖലയില്‍ നിന്നും കര്‍ഷകരുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിനാണ് മൂന്ന് തവണയായി പാല്‍വില വര്‍ധിപ്പിച്ചത്. ഉല്‍പ്പാദനച്ചെലവുമായി ബന്ധപ്പെടുത്തി പാലിന് വില നിര്‍ണയിച്ചാല്‍ മാത്രമേ ഉല്‍പ്പാദനം വര്‍ധിപ്പിക്കാനാകൂ. ആധുനിക രീതിയില്‍ കാലിത്തീറ്റ ഉല്‍പാദിപ്പിക്കുന്നതിനും സര്‍ക്കാര്‍ പ്രോത്സാഹനം നല്‍കുമെന്ന് മന്ത്രി വ്യക്തമാക്കി.