സി പി എമ്മിനെ ബി ഡി ജെ എസിന് അടിയറവയ്ക്കരുത്: ജി സുധാകരനെതിരേയും സി പി എം സ്ഥാനാർഥിയായ രജനി പാറക്കടവിനെതിരേയും കായംകുളത്ത് പോസ്റ്ററുകൾ

വ്യാഴം, 17 മാര്‍ച്ച് 2016 (08:59 IST)
സി പി എം ജില്ലാകമ്മിറ്റി നിർദ്ദേശിച്ച സ്ഥാനാർഥിയായ രജനി പാറക്കടവിന് എതിരെ കായംകുളത്ത് വ്യാപക പോസ്റ്റുകൾ. സി പി എമ്മിനെ ബി ഡി ജെ എസിന് അടിയറവയ്ക്കരുതെന്നാണ് പോസ്റ്ററുകളില്‍ വ്യക്തമാക്കുന്നത്. കൂടാതെ ജി സുധാകരനെതിരേയും പോസ്റ്ററുകളിൽ വന്‍ വിമർശനമുണ്ട്.

സിറ്റിങ് എം എൽ എ സി കെ സദാശിവനെ ഒഴിവാക്കി പകരം രജനി പാറക്കടവിനെ പട്ടികയിൽ ഉൾപ്പെടുത്തിയതാണ് ഈ പ്രകോപനങ്ങൾ‌ക്ക് കാരണം. എൽ ഡി എഫ് അനുഭാവികൾ എന്ന പേരിലാണ് പോസ്റ്ററുകൾ പതിച്ചിരിക്കുന്നത്. രജനി പാറക്കടവിന്റെ സ്ഥാനാർഥിത്വം അംഗീകരിക്കില്ലെന്ന് പാർട്ടി പ്രവർത്തകരിൽ ചിലർ നേരത്തെ വ്യക്തമാക്കിയിരുന്നു. ബി ഡി ജെ എസ് നേതാവ് സുഭാഷ് വാസുവിന്റെ ബന്ധു കൂടിയാണ് സ്ഥാനാര്‍ഥി പട്ടികയിലുള്ള രജനി പാറക്കടവ്.

ജി സുധാകരന് എളുപ്പത്തിൽ ജയിക്കുന്നതിനു വേണ്ടി വെള്ളാപ്പള്ളി നടേശനുമായി അമ്പലപ്പുഴയിൽ ചില നീക്കുപോക്കുണ്ടാക്കിയിരിക്കുന്നു. ഇതിനെ തുടര്‍ന്നാണ് ശക്തനായ സ്ഥാനാർഥിയെ കായംകുളത്തുനിന്നു മാറ്റി പകരം പുതുമുഖത്തെ നിർത്തുന്നതെന്നാണ് ആരോപണം. അതേസമയംതന്നെ ജില്ലാക്കമ്മറ്റി നിർദേശിച്ച പേര് സംസ്ഥാന കമ്മിറ്റി ഇതുവരേയും അംഗീകരിച്ചിട്ടില്ല. ഇത് മാറുമെന്നാണ് അണികള്‍ പ്രതീക്ഷിക്കുന്നത്. അതിന്റെ ഭാഗമായാണ് ഈ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടതെന്ന് കരുതുന്നു.

(ചിത്രത്തിനു കടപ്പാട്: മനോരമ ഓണ്‍ലൈന്‍)

വെബ്ദുനിയ വായിക്കുക