രണ്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയെ വീട്ടുജോലിക്കെത്തിച്ച് മര്‍ദ്ദിച്ച സംഭവത്തില്‍ പൊലീസ് നടപടി ആരംഭിച്ചു. കുട്ടിയുടെ തല മൊട്ടയടിക്കുകയും പട്ടിണിക്കിടുകയും ചെയ്തതിന് വീട്ടുടമയ്‌ക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്തു.
കാസര്‍കോട് പെരിയയിലാണ് സംഭവം നടന്നത്. രണ്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയെ കുമ്പളയിലെ വീട്ടില്‍ ജോലിക്കായി കൊണ്ടുപോയി തല മൊട്ടയടിക്കുകയും മര്‍ദ്ദിക്കുകയും ചെയ്ത സംഭവത്തിലാണ് കുമ്പള പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ബാലവേല നിയമം, ബാലനീതി നിയമം എന്നിവയ്ക്കു പുറമെ അനധികൃതമായി തടഞ്ഞുവെക്കല്‍, മാരകമായ വസ്തുക്കള്‍ കൊണ്ടുള്ള മുറിവേല്‍പ്പിക്കല്‍, മനപ്പൂര്‍വ്വമുള്ള ദേഹോപദ്രവമേല്‍പ്പിക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.കുമ്പള ആരിക്കാടിയിലെ മുഹമ്മദിനെതിരെയാണ് പ്രാഥമിക അന്വേഷണത്തില്‍ പൊലീസ് കേസെടുത്തത്.
ഇതിനുമുമ്പ് കുട്ടിയുടെ അമ്മ ഇതേ വീട്ടില്‍ ജോലിക്കായി നിന്നിരുന്നു. നാലു ദിവസം മുമ്പാണ് അമ്മയ്‌ക്കൊപ്പം രണ്ടാം ക്ലാസ്സുകാരി ഇവിടെ എത്തിയത്. അമ്മ തിരികെ പെരിയയിലെ വീട്ടിലേക്ക് പോയ സമയത്താണ് കുട്ടിക്ക് നേരെ ഇത്തരത്തിലുള്ള പീഡനമുണ്ടായത്. വീട്ടുവേല ചെയ്ത് അവശയായ കുട്ടിയെ ഗൃഹനാഥന്‍ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. നാട്ടുകാരാണ് ഈ സംഭവം പൊലീസില്‍ അറിയിച്ചത്.