കാസര്‍കോട്ടെ ഇരട്ടക്കൊല: കളം മാറ്റി ചവിട്ടി പിണറായി - ഒരുങ്ങുന്നത് പാര്‍ട്ടിയുടെ പ്രതിരോധക്കോട്ട!

Webdunia
വെള്ളി, 22 ഫെബ്രുവരി 2019 (16:52 IST)
പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊല്ലപ്പെട്ട സംഭവത്തില്‍ തിരിച്ചടിയേറ്റ സിപിഎമ്മും ഇടതുപക്ഷവും നയം മാറ്റുന്നു. വരാന്‍ പോകുന്ന രണ്ട് തെരഞ്ഞെടുപ്പുകള്‍ മുന്നില്‍ കണ്ടാണ് ഈ നീക്കം.

മഞ്ചേശ്വരത്തെ ഉപതെരഞ്ഞെടുപ്പും ലോക്‍സഭ തെരഞ്ഞെടുപ്പും സര്‍ക്കാരിന് നേരിടേണ്ടതുണ്ട്. കൊലപാതക പരമ്പരകള്‍ പാര്‍ട്ടിയുടെ മുഖം വികൃതമാക്കിയെങ്കിലും ഇനിയും ഈ വിഷയത്തെ പ്രതിരോധിച്ചില്ലെങ്കില്‍ തെരഞ്ഞെടുപ്പില്‍ കാര്യങ്ങള്‍ എളുപ്പമാകില്ലെന്ന് സിപിഎം ഉറച്ചു വിശ്വസിക്കുന്നു.

ഹീനമായ കുറ്റകൃത്യമെന്നാണ് കാസര്‍കോട്ടെ ഇരട്ടക്കൊലപാതകത്തെ മുഖ്യമന്ത്രി വിലയിരുത്തിയത്. എന്നാല്‍, പാര്‍ട്ടിക്കെതിരായി വരുന്ന ആരോപണങ്ങളെ തള്ളാനും പ്രതിരോധിക്കാനും പിണറായിയും ഇടതുപക്ഷവും  തയ്യാറെടുത്തു കഴിഞ്ഞു. കൊല്ലപ്പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിക്കേണ്ടതില്ലെന്ന മുഖ്യമന്ത്രിയുടെ തീരുമാനത്തെ സിപിഐ സംസ്ഥാന അധ്യക്ഷന്‍ കാനം രാജേന്ദ്രന്‍ സ്വാഗതം ചെയ്‌തത് ഇതിന്റെ ഭാഗമാണ്. 

ഇരട്ടക്കൊലപാതകത്തെ ഇനിയും പാര്‍ട്ടി പ്രതിരോധിക്കാന്‍ ശ്രമിച്ചില്ലെങ്കില്‍ തെരഞ്ഞെടുപ്പില്‍ ബാധിക്കും. ടിപി ചന്ദ്രശേഖരന്‍‍, ഷുക്കൂര്‍, ഷുഹൈബ് എന്നിവരുടെ കൊലപാതകങ്ങള്‍ ഉണ്ടാക്കിയ കോലാഹലങ്ങള്‍ ഇന്നും കെട്ടടങ്ങിയിട്ടില്ല. ഇടത് സര്‍ക്കാരിന് നിര്‍ണായകമാകുന്ന ലോക്‍സഭ തെരഞ്ഞെടുപ്പിന് മാസങ്ങള്‍  മാത്രമാണുള്ളത്.

കൊല്ലപ്പെട്ടവര്‍ ക്രിമിനലുകളായിരുന്നുവെന്ന മുന്‍ എംഎല്‍എ കെവി കുഞ്ഞിരാമന്റെ പ്രസ്‌താവനയും കേസിന്റെ ആദ്യഘട്ടത്തില്‍ ന്യായവാദങ്ങള്‍ നിരത്താതിരുന്ന സിപിഎം പ്രാദേശിക നേതൃത്വം നിലപാട് മാറ്റിത്തുടങ്ങിയതും പ്രതിരോധത്തിന്റെ മാര്‍ഗത്തിലേക്ക് പാര്‍ട്ടി തിരിഞ്ഞതിന്റെ സൂചനയാണ്.

തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുന്നതിന് മുമ്പ് കേസ് അന്വേഷണം അവസാനിപ്പിക്കാനാകും സര്‍ക്കാര്‍ ശ്രമം. ഇതോടെ കൊലപാതകത്തിന്റെ പേരില്‍ പൊതു സമൂഹത്തില്‍ നിലനില്‍ക്കുന്ന ചര്‍ച്ചകള്‍ അവസാനിക്കുകയും ചെയ്യും.

അനുബന്ധ വാര്‍ത്തകള്‍

Next Article