കാസർകോട് മൂന്നിടത്ത് കള്ളവോട്ട് നടന്നു, കുറ്റക്കാര്‍ക്കെതിരെ പൊലീസ് കേസ്: ടിക്കാറാം മീണ

Webdunia
തിങ്കള്‍, 29 ഏപ്രില്‍ 2019 (18:42 IST)
ലോക്‍സഭ തെരഞ്ഞെടുപ്പിൽ കാസർകോട് മണ്ഡലത്തിൽ കള്ളവോട്ട് നടന്നെന്ന ആരോപണം സ്ഥിരീകരിച്ചു മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണ. കാസർകോട് മൂന്നിടത്ത് കള്ളവോട്ട് നടന്നെന്നു കമ്മിഷൻ അറിയിച്ചു.

പിലാത്തറ 19മത് നമ്പർ ബൂത്തിലാണ് കള്ളവോട്ട് നടന്നത്. കെപി സുമയ്യ, സെലീന,​ പദ്മിനി എന്നിവർ കള്ളവോട്ട് ചെയ്തതായാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചത്. സുമയ്യയും സെലീനയും 19മത് നമ്പര്‍ മണ്ഡലത്തിലെ വോട്ടര്‍മാരല്ല.

പത്മിനി രണ്ടു തവണ വോട്ടു ചയ്തതായി തെളിഞ്ഞു. സലീന പഞ്ചായത്ത് അംഗത്വം രാജിവച്ച് അന്വേഷണം നേരിടണം. സലീന പഞ്ചായത്ത് അംഗവും സുമയ്യ മുന്‍ അംഗവുമാണ്. ഇവർക്കെതിരെ കേസ് എടുക്കാൻ വരണാധികാരിക്ക് നിർദ്ദേശം നൽകി.

സംഭവത്തിൽ പ്രിസൈഡിംഗ് ഓഫീസർ വീഴ്ച വരുത്തിയതായി തെളിഞ്ഞു. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കളക്ടർ അന്വേഷണം നടത്തണമെന്നും മീണ ആവശ്യപ്പെട്ടു. റീപോളിംഗിന്റെ കാര്യത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനമെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

കള്ളവോട്ട് ചെയ്ത മൂന്ന് പേര്‍ക്കും എതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യാനും നിര്‍ദ്ദേശം നൽകി. സലീനയുടെ പഞ്ചായത്ത് അംഗത്വം റദ്ദാക്കാനും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദ്ദേശം നൽകി.

അനുബന്ധ വാര്‍ത്തകള്‍

Next Article