22ആമത് ഐ എഫ് എഫ് കെയുടെ ഓപ്പൺ ഫോറത്തിൽ നടി പാർവതി മെഗാസ്റ്റാർ മമ്മൂട്ടി അഭിനയിച്ച കസബയെന്ന ചിത്രത്തേയും ചിത്രത്തിലെ നായക കഥാപാത്രത്തേയും വിമർശിച്ചു കൊണ്ട് സംസാരിച്ചത് ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. അതേവേദിയിൽ വെച്ച് പാർവതിക്കും റിമ കല്ലിങ്കലിനും ഗീതു മോഹൻദാസിനും മറ്റൊരു പണി കൂടി കിട്ടിയിരുന്നു.
അന്‍പതിനടുത്ത് പ്രായമുള്ള ഒരു വ്യക്തി സ്ത്രീ സംഘടനയ്‌ക്കെതിരെയും മലയാള സിനിമയെ കുറിച്ചും സംസാരിക്കുന്ന വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്. സംസാരിക്കുന്നതിനോടൊപ്പം റിമയ്ക്കും പാര്‍വ്വതിയ്ക്കും ഗീതുവിനും നേരെ ഓരോ ചോദ്യങ്ങളും ചോദിക്കുന്നുണ്ട്.
മൈക്ക് എടുത്ത് സംസാരിക്കുന്നതിന് മുന്‍പേ തന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടില്ല എന്നദ്ദേഹം വ്യക്തമാക്കുന്നുണ്ട്. എന്നെ ഇവിടെ നിന്ന് അറസ്റ്റ് ചെയ്യുമായിരിയ്ക്കും എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം സംസാരിച്ചു തുടങ്ങിയത്. ഈ ഓപ്പണ്‍ ഫോറം ഒമ്പത് പേരുടെ വെറുമൊരു കൊച്ചുവര്‍ത്തമാനം ആയിപ്പോയി എന്നും അദ്ദേഹം വിമര്‍ശിച്ചു.
2017 ഫെബ്രുവരി മാസത്തില്‍ ഇര എന്ന വിശേഷിപ്പിച്ച പെണ്‍കുട്ടി ആക്രമിയ്ക്കപ്പെടുമ്പോള്‍ എവിടെയായിരുന്നു ഈ മഹിളാ രത്‌നങ്ങള്‍ എന്ന് അദ്ദേഹം ചോദിക്കുന്നു. അപ്പോഴേക്കും സദസ്സല്‍ നിന്ന് എതിര്‍പ്പുകള്‍ ഉയര്‍ന്നു വരുന്നുണ്ട്.
അമ്പത് വര്‍ഷത്തെ ലോക സിനിമ ചരിത്രം പോയിട്ട്, 15 വര്‍ഷത്തെ മലയാള സിനിമയുടെ ചരിത്രം പോലും വേദിയിൽ ഇരിക്കുന്നവർക്ക് അറിയില്ലെന്നും അദ്ദേഹം പറയുന്നു. സ്ത്രീകളെ മഹത്വവല്‍കരിച്ച അടൂര്‍ ചിത്രങ്ങളെ കുറിച്ചും അദ്ദേഹം സംസാരിച്ചു.
അദ്ദേഹത്തെ സംസാരിക്കാന്‍ വേദിയിലിരിക്കുന്നവരോ സദസ്സിലിരിക്കുന്നവരോ അനുവദിച്ചില്ല. എന്നാല്‍ സിനിമയില്‍ വന്ന കാലം മുതലുള്ള റിമയുടെയും ഗീതുവിന്റെയും പാര്‍വ്വതിയുടെയും അനുഭവം പറയണം എന്ന് പറഞ്ഞ് കൊണ്ടാണ് അദ്ദേഹം അവസാനിപ്പിച്ചത്.