ഇന്ത്യൻ രാഷ്‌ട്രീയത്തിലെ കരുത്തനായ നേതാവിനെയാണ് കരുണാനിധിയുടെ വിയോഗത്തിലൂടെ നഷ്ടമായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
കേരളത്തെ സംബന്ധിച്ചിടത്തോളം എന്നും സഹോദര സ്ഥാനത്തുളള ശ്രദ്ധേയനായ നേതാവായിരുന്നു കലൈഞ്ജര്‍. തമിഴ് ജനതയെ സംബന്ധിച്ചിടത്തോളം ഒരു വലിയ വികാരമായിരുന്നു അദ്ദേഹമെന്നും പിണറായി പറഞ്ഞു.
ദ്രാവിഡ രാഷ്ട്രീയത്തിന് ഊർജ്ജവും കരുത്തും പ്രദാനം ചെയ്തു നേതാവാണ് കരുണാനിധി. കേരളവും തമിഴ്നാടും തമ്മിലുളള ഉഭയ സംസ്ഥാന ബന്ധങ്ങൾ സാഹോദര്യ പൂർണമായി നിലനിർത്തുന്നതിനും ശക്തിപ്പെടുത്തുന്നതിനും അദ്ദേഹം എന്നും പ്രത്യേക നിഷ്കർഷ പുലർത്തിയിരുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വൈകിട്ട് 6.10നാണ് കരുണാനിധിയുടെ മരണം സംഭവിച്ചത്. ചെന്നൈ കാവേരി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. പനിയും അണുബാധയും മൂലം ആന്തരികാവയവങ്ങളുടെ പ്രവർത്തനം നിശ്ചലമാകുകയും ആരോഗ്യനില വഷളായി മരണം സംഭവിക്കുകയുമായിരുന്നു.