കലൈഞ്ജര്‍ വിടവാങ്ങി; എം കരുണാനിധി അന്തരിച്ചു - മരണം വൈകിട്ട് 6.10ന്
ചൊവ്വ, 7 ഓഗസ്റ്റ് 2018 (18:50 IST)
തമിഴ്നാട് മുൻ മുഖ്യമന്ത്രിയും ഡിഎംകെ അദ്ധ്യക്ഷനുമായ എം കരുണാനിധി (94) അന്തരിച്ചു. വൈകിട്ട് 6.10നാണ് മരണം സംഭവിച്ചത്. ചെന്നൈ കാവേരി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
പനിയും അണുബാധയും മൂലം ആന്തരികാവയവങ്ങളുടെ പ്രവർത്തനം നിശ്ചലമാകുകയും ആരോഗ്യനില വഷളായി മരണം സംഭവിക്കുകയുമായിരുന്നു. കഴിഞ്ഞ ഏതാനും മണിക്കൂറുകൾ കൊണ്ടാണ് ആരോഗ്യനില അതീവഗുരുതരമായ അവസ്ഥയിലേക്ക് നീങ്ങിയത്.
ചൊവ്വാഴ്ച ഉച്ചയോടെ കലൈഞ്ജറുടെ നില അതീവ ഗുരുതരമായി. മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നും അവയവങ്ങള്‍ തകരാറിലാണെന്നും വൈകിട്ട് 4.30ന് ഇറങ്ങിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കിയിരുന്നു.
മരണസമയത്ത് മക്കളായ എംകെ സ്റ്റാലിന്, കനിമൊഴി തുടങ്ങിയവരും പ്രധാനപ്പെട്ട ഡിഎംകെ നേതാക്കളും കാവേരി ആശുപത്രിയില്‍ ഉണ്ടായിരുന്നു.
രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് കരുണാനിധിയുടെ ആരോഗ്യനില മെച്ചപ്പെട്ടെങ്കിലും വീണ്ടും വഷളാകുകയായിരുന്നു.
സ്ത്രീകളടക്കം നുറുകണക്കിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ ദിവസങ്ങളായി ആശുപത്രി പരിസരത്ത് തുടരുകയാണ്. ആശുപത്രിക്ക് സമീപവും ചെന്നൈ നഗരത്തിലും കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്.
അതേസമയം, കാവേരി ആശുപത്രിക്ക് സമീപവും ചെന്നൈ നഗരത്തിലും ശക്തമായ സുരക്ഷയൊരുക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്കി. ആശുപത്രി പരിസരത്ത് മാത്രം അറുനൂറോളം പൊലീസുകാരെ വിന്യസിച്ചു. അടിയന്തര സാഹചര്യം നേരിടാന്‍ 1200 പൊലീസുകാരെ സജ്ജമാക്കി. സമീപ ജില്ലകളിൽ നിന്നു കൂടുതൽ പൊലീസുകാരെ ചെന്നൈയിലെത്തിക്കുകയാണ്. സ്ത്രീകളടക്കം നുറുകണക്കിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ ദിവസങ്ങളായി ആശുപത്രി പരിസരത്ത് തുടരുന്നതാണ് പൊലീസിനെ സമ്മര്‍ദ്ദത്തിലാക്കുന്നത്.