ആന്തരികാവയവങ്ങളുടെ പ്രവർത്തനം ഏറെക്കുറെ നിശ്ചലം; കരുണാനിധിയുടെ ആരോഗ്യനില അതീവഗുരുതരം

ചൊവ്വ, 7 ഓഗസ്റ്റ് 2018 (17:49 IST)
തമിഴ്നാട് മുൻ മുഖ്യമന്ത്രിയും ഡിഎംകെ അദ്ധ്യക്ഷനുമായ എം കരുണാനിധിയുടെ ആരോഗ്യനില അതീവഗുരുതരം. വൈകിട്ട് 4.30നു പുറത്തിറക്കിയ മെഡിക്കൽ‌ ബുള്ളറ്റിനിലാണ് കലൈഞ്ജറുടെ ആരോഗ്യ നിലയിൽ മാറ്റമില്ലെന്ന് ചെന്നൈ കാവേരി ആശുപത്രി അറിയിച്ചത്.

കഴിഞ്ഞ ഏതാനും മണിക്കൂറുകൾ കൊണ്ട് കരുണാനിധിയുടെ ആരോഗ്യനില വഷളായി. അതു വീണ്ടെടുക്കാൻ കഴിയുമെന്ന കാര്യത്തിൽ എന്തെങ്കിലും ഉറപ്പു നൽകാൻ സാധിക്കില്ല. പ്രധാന ആന്തരികാവയവങ്ങളുടെ പ്രവർത്തനം ഏറെക്കുറെ നിശ്ചലമാണെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

അതേസമയം കരുണാനിധിയുടെ മകനും ഡി എം കെ വര്‍ക്കിംഗ് പ്രസിഡന്റുമായ എംകെ സ്റ്റാലിന്‍ മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുമായി കൂടിക്കാഴ്ച നടത്തി. കരുണാനിധി ആശുപത്രിയിലായ ശേഷം ആദ്യമായി അദ്ദേഹത്തിന്റെ ഭാര്യ ദയാലു അമ്മാളിനെ കൊണ്ടുവന്ന് കരുണാനിധിയെ കാണിച്ചു. വീല്‍ ചെയറിലാണ് ഭര്‍ത്താവിനെ കണ്ടത്.

അതേസമയം, കാവേരി ആശുപത്രിക്ക് സമീപവും ചെന്നൈ നഗരത്തിലും ശക്തമായ സുരക്ഷയൊരുക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ആശുപത്രി പരിസരത്ത് മാത്രം അറുനൂറോളം പൊലീസുകാരെ വിന്യസിച്ചു. അടിയന്തര സാഹചര്യം നേരിടാന്‍ 1200 പൊലീസുകാരെ സജ്ജമാക്കി നിര്‍ത്തിയിട്ടുണ്ട്. സമീപ ജില്ലകളിൽ നിന്നു കൂടുതൽ പൊലീസുകാരെ ചെന്നൈയിലെത്തിക്കാനാണ് ഇപ്പോള്‍ നീക്കം നടക്കുന്നത്.

കൂടുതല്‍ പൊലീസുകാര്‍ ചെന്നൈയില്‍ എത്തുന്നതോടെ ഇവര്‍ക്ക് താമസിക്കാൻ നഗരത്തിലെ കല്യാണ  മണ്ഡപങ്ങളിൽ സൗകര്യമൊരുക്കും. സ്ത്രീകളടക്കം നുറുകണക്കിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ ദിവസങ്ങളായി ആശുപത്രി പരിസരത്ത് തുടരുന്നതാണ് പൊലീസിനെ സമ്മര്‍ദ്ദത്തിലാക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍