കര്‍ണ്ണാടകയില്‍ വിളവ് കൂടി; കേരളത്തില്‍ അരിവില കുറഞ്ഞു

Webdunia
ശനി, 6 ഡിസം‌ബര്‍ 2014 (11:49 IST)
കര്‍ണാടകയില്‍ വിളവ് കൂടിയതോടെ കേരളത്തില്‍ അരിവില കുറഞ്ഞു തുടങ്ങി. വിളവ് കനത്തതോടെ കര്‍ണ്ണാടക സര്‍ക്കാര്‍ കരുതല്‍ നെല്ലുശേഖരം കുറച്ചതാണ് കേരളത്തിലേക്ക് കൂടുതല്‍ അരി എത്തുന്നതിനു കാരണമായത്. ഇത് കേരളത്തിലെ അരിവിലയില്‍ ഗണ്യമായ കുറവാണ് ഉണ്ടാക്കിയിരിക്കുന്നത്. കിലോയ്ക്ക് 39 രൂപവരെ വിലയുണ്ടായിരുന്ന ജ്യോതി അരിക്ക് ഇപ്പോള്‍ 28 മുതല്‍ 30 രൂപ എന്നന്നിലയിലേക്കെത്തി.

കുത്തരിക്കും വെള്ള അരിക്കും വില കുറഞ്ഞു. കഴിഞ്ഞ ഒരു മാസത്തിനിടെ വിവിധയിനം അരികള്‍ക്ക് കിലോയ്ക്ക് ആറു മുതല്‍ ഒമ്പതു രൂപവരെ വില കുറഞ്ഞതായി വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു. ആവശ്യക്കാര്‍ കൂടുതലുള്ള കുത്തരിയുടെ വിലയിലും ഗണ്യമായ കുറവാണ് ഉണ്ടായിട്ടുള്ളത്. കുത്തരി ഏറ്റവുമധികം ഇറക്കുമതി ചെയ്യുന്നത് കര്‍ണ്ണാടകയില്‍ നിന്നാണ്.

കേരളത്തില്‍ ഏറ്റവും കൂടുതല്‍ അരിയെത്തുന്നത് കര്‍ണാടകയില്‍ നിന്നാണ്. കൂടാതെ ആന്ധ്രയില്‍നിന്നും തമിഴ്നാട്ടില്‍ നിന്നും അരി എത്തുന്നുണ്ട്. കര്‍ണ്ണാടകയിലും ആന്ധ്രയിലും കൃഷിക്കാരില്‍ നിന്നും ശേഖരിച്ചിരുന്ന നെല്ലിന്റെ അളവ് കുത്തനെ കുറച്ചത് കര്‍ഷകരെ നെല്ല് പൊതുവിപണിയില്‍ വില്‍ക്കാന്‍ നിര്‍ബന്ധിതരാക്കി. അറുപതു ശതമാനം വിളവാണ് കര്‍ണാടക, ആന്ധ്രാ സര്‍ക്കാരുകള്‍ കര്‍ഷകരില്‍ നിന്ന് സംഭരിച്ചിരുന്നത്. എന്നാല്‍ അത് 25 ശതമാനമാക്കി കുറച്ചു. അതിനിടെ വിളവ് ഗണ്യമായി കൂടുകയും ചെയ്തതാണ് നിലവിലെ സ്ഥിതിക്ക് കാരണം.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.