കോഴിക്കോട് കൂടത്തായി കേസിനൊപ്പം വിവാദമായ കരമന കൂടത്തില്‍ കേസ് വഴിത്തിരിവിലേക്ക്

എ കെ ജെ അയ്യര്‍

ഞായര്‍, 20 സെപ്‌റ്റംബര്‍ 2020 (12:52 IST)
പ്രമാദമായ കോഴിക്കോട് കൂടത്തായി കേസിനൊപ്പം വിവാദമായ തലസ്ഥാന നഗരിയിലെ കരമന കൂടത്തില്‍ കേസ് വഴിത്തിരിവിലേക്ക് എന്ന സൂചന. കരമന തളിയില്‍ ഉമാ മന്ദിരം എന്ന കൂടത്തില്‍ വീട്ടിലെ ജയമാധവന്‍ നായരുടെ നൂറുകോടിയിലേറെ വില വരുന്ന സ്വത്ത് തട്ടിയെടുക്കാന്‍ കാര്യസ്ഥനും കൂട്ടരും നടത്തിയ തട്ടിപ്പിന്റെ ചുരുളുകള്‍ ഒന്നൊന്നായി പുറത്തുവരികയാണ്. തന്റെ മകനായ പ്രകാശിന് അവകാശമുള്ള സ്വത്ത് തട്ടിയെടുത്തതിനെതിരെ പ്രസന്നകുമാരി എന്ന സ്ത്രീയാണ് കേസ് നല്‍കിയിരിക്കുന്നത്.
 
കാര്യസ്ഥന്‍ രവീന്ദ്രന്‍ നായരുടെ മൊഴികളിലെ വൈരുദ്ധ്യങ്ങളില്‍ പിടിച്ചാണ് അന്വേഷണ സംഘം ഇപ്പോള്‍ മുന്നോട്ടു പോകുന്നത്. നിലവിലെ സ്ഥിതി അനുസരിച്ച് ക്രൈംബ്രാഞ്ച് സംഘം ഏറെ താമസിയാതെ കാര്യസ്ഥന്‍ രവീന്ദ്രന്‍ നായരെ അറസ്‌റ് ചെയ്യാന്‍ സാധ്യതയുണ്ടെന്നാണു നിഗമനം. കൂടത്തില്‍ വീട്ടിലെ അവസാന കണ്ണികളായ അഞ്ചു പേരുടെ മരണത്തില്‍ ഉണ്ടായ ദുരൂഹതയാണ് കേസിലേക്ക് നയിക്കാനുണ്ടായ സാഹചര്യം.
 
കൂട്ടത്തില്‍ വീട്ടിലെ ഏറ്റവും അവസാന കണ്ണിയായ ജയമാധവന്‍ നായരുടെ മരണവുമായി സംബന്ധിച്ച രവീന്ദ്രന്‍ നായരുടെ  മൊഴികളിലെ വൈരുദ്ധ്യം അയാള്‍ക്ക് തന്നെ നിഷേധിക്കാന്‍ കഴിയാത്ത സാഹചര്യത്തിലായിട്ടുണ്ട്. ജയമാധവന്‍ നായരെ മരണത്തിനു മുമ്പ് വീട്ടില്‍ അബോധാവസ്ഥയിലായിരുന്നു എന്നും ഉടന്‍ തന്നെ ഓട്ടോറിക്ഷയില്‍ മെഡിക്കല്‍ കോളേജില്‍ എത്തിച്ചു എന്നുമായിരുന്നു രവീന്ദ്രന്‍ നായര്‍ ആദ്യം മൊഴി നല്‍കിയത്.
 
എന്നാല്‍ അടുത്തുള്ള ആശുപത്രിയില്‍ എത്തിക്കുന്നതിന് പകരം അര മണിക്കൂറോളം താമസിച്ച് വീട്ടിലെ വേലക്കാരി വന്ന ശേഷമാണ് മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്. അപ്പോഴേക്കും ജയകൃഷ്ണന്‍ നായര്‍ മരിച്ചിരുന്നു എന്നാണ് വേലായുധന്‍ നായര്‍ മൊഴി നല്‍കിയിരുന്നത്. ഇത് പൊലീസിന് സംശയത്തിന് ഇടയാക്കിയിട്ടുണ്ട്. ഇതിനൊപ്പം താന്‍ ജയകൃഷ്ണന്‍ നായരെ ആശുപത്രിയില്‍ കൊണ്ടുപോയിട്ടേയില്ല എന്ന ഓട്ടോ റിക്ഷാ ഡ്രൈവറുടെ മൊഴിയാണ് ഇപ്പോള്‍ നിര്ണായകമായിരിക്കുന്നത്.  
 
മരിക്കുന്നതിന് തൊട്ടു മുമ്പ് കൂട്ടത്തില്‍ വീട്ടില്‍ വച്ച് കൂട്ടത്തില്‍ വീട്ടിലെ ഓഹരികള്‍ ക്രയവിക്രയം നടത്താനുള്ള വില്‍പ്പത്രം എഴുതി വച്ചെന്നും അവിടെ വച്ച് സാക്ഷികള്‍ ഒപ്പിട്ടു എന്ന മൊഴിയും ഇപ്പോള്‍ കളവാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഇതിലെ പ്രധാന സാക്ഷികളില്‍ ഒരാളായ അനില്‍ പറയുന്നത് വില്‍പ്പത്രത്തില്‍ സാക്ഷി എന്ന നിലയില്‍ തന്റെ വീട്ടില്‍ വച്ചാണ് താന്‍ ഒപ്പിട്ടത് എന്നാണ്.
 
കാര്യസ്ഥന്‍ വേലായുധന്‍ നായരും കൂട്ടത്തില്‍ വീട്ടിലെ അകന്ന ബന്ധുക്കളും ഉള്‍പ്പെടെ പന്ത്രണ്ട് പേരെ പ്രതി ചേര്‍ത്തതാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. തിരുവനന്തപുരം മുന്‍ ജില്ലാ കളക്ടര്‍ മോഹന്‍ദാസും കേസില്‍ പത്താമത്തെ പ്രതിയാണ്. മാനസിക അസ്വാസ്ഥ്യമുള്ളപ്പോള്‍  ജയമാധവന്‍ നായര്‍ക്ക് അമിതമായ തോതില്‍ മദ്യം വാങ്ങി നല്‍കിയിരുന്നു എന്ന ആരോപണവും ഇപ്പോള്‍ പരിശോധിക്കുന്നുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍