'മുപ്പത്തിയഞ്ചു വര്‍ഷമായില്ലേ, ഇനിയെങ്കിലും ഒന്നു മാറി കൊടുക്കൂ'; ഇരിക്കൂറില്‍ കെസി ജോസഫിനെതിരെ പോസ്റ്ററുകള്‍

Webdunia
ഞായര്‍, 13 മാര്‍ച്ച് 2016 (10:18 IST)
ഇരിക്കൂര്‍ മണ്ഡലത്തിലെ ശ്രീകണ്ടാപുരത്ത് മന്ത്രി കെസി ജോസഫിനെതിരെ അദ്ദേഹം വീണ്ടും മത്സരിക്കുന്നതിനെതിരെ പോസ്റ്ററുകള്‍.  35 വര്‍ഷം എം എല്‍ എയായ കെസി ജോസഫിന് വോട്ട് ചെയ്യേണ്ടെന്നാണ് പോസ്റ്ററിലെ ആവശ്യം. ഇരിക്കൂര്‍ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ പേരിലാണ് ബാനറും പോസ്റ്ററുകളും സ്ഥാപിച്ചിരിക്കുന്നത്.

മുപ്പത്തിരണ്ടാം വയസ് മുതല്‍ ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന കെസി ജോസഫിനെതിരെ കോണ്‍ഗ്രസുകാര്‍ തന്നെയാണ് പരസ്യമായി രംഗത്തെത്തിയിരിക്കുന്നത്. കെസി ജോസഫിനു പകരമായി ഇരിക്കൂരില്‍ ഇറക്കുമതി സ്ഥാനാര്‍ത്ഥികളെ കൊണ്ടുവന്നാലും അംഗീകരിക്കില്ലെന്ന് പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി. നിരവധി തവണ കോണ്‍ഗ്രസിന്റെ ചാവേര്‍ സ്ഥാനാര്‍ത്ഥിയായി നിന്ന സതീശന്‍ പാച്ചേനിക്ക് ഈ തിരഞ്ഞെടുപ്പില്‍ ഉറച്ച സീറ്റ് തന്നെ നല്‍കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

വര്‍ഷങ്ങളായി മണ്ഡലത്തില്‍ തുടര്‍ച്ചയായി മത്സരിക്കുന്ന കെസി ജോസഫ് വീണ്ടും മത്സരിക്കുന്നത് സീറ്റ് നഷ്ടപെടാന്‍ ഇടയാക്കുമെന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും വിലയിരുത്തിയിരുന്നു. കൂടാതെ അറുപത് ശതമാനത്തോളം മലയോര കര്‍ഷക ക്രിസ്ത്യന്‍ കുടുംബങ്ങളുള്ള മണ്ഡലത്തില്‍ സഭയെ പിണക്കി കൊണ്ട് സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ കോണ്‍ഗ്രസ് ധൈര്യപെടില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും വ്യക്തമാക്കുന്നു.  ആര്യാടനെ പോലെ മത്സര രംഗത്ത് നിന്ന് പിന്മാറാന്‍ ജോസഫ് തയ്യാറാകണമെന്നാണ് ഇരിക്കൂറിലെ കോണ്‍ഗ്രസ് നേതാക്കളുടെ അഭിപ്രായം. എന്നാല്‍ ഉമ്മന്‍ ചാണ്ടിയും മാണിയും മത്സരിക്കുന്നത് പോലെ താനും മത്സരിക്കുമെന്ന് കെസി ജോസഫിന്റെ അറിയിച്ചു.

ചിത്രത്തിനു കടപ്പാട്: റിപ്പോര്‍ട്ടര്‍ ലൈവ്