ഇരിട്ടി: ലീഗ് തമ്മിലടിച്ചത് എല്‍.ഡി.എഫിനു നേട്ടം

Webdunia
വ്യാഴം, 19 നവം‌ബര്‍ 2015 (13:23 IST)
ഇരിട്ടി മുനിസിപ്പാലിറ്റിയിലെ  3 മുസ്ലീം ലീഗ് അംഗങ്ങളും യു.ഡി.എഫ് നേതൃത്വവും തമ്മിലുണ്ടായ അഭിപ്രായ വ്യത്യാസം കാരണം നഗരസഭയുടെ ഭരണം അപ്രതീക്ഷിതമായി എ.ഡി.എഫിനു ലഭിച്ചു. മുനിസിപ്പാലിറ്റി ആയ ശേഷം ആദ്യമായി നടന്ന ഈ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിലെ സി.പി.എം സ്ഥാനാര്‍ത്ഥി പി.കെ.അശോകന്‍ ചെയര്‍മാനാവുകയും ചെയ്തു.
 
അശോകനൊപ്പം സി.പി.എമ്മിലെ തന്നെ സര്‍സ്വതി വൈസ് ചെയര്‍പെഴ്സണ്‍ ആവുകയും ചെയ്തു. ഇരിട്ടിയിലെ യു.ഡി.എഫില്‍ ഉണ്ടായ അഭിപ്രായ വ്യത്യാസം മുസ്ലീം ലീഗ് അംഗങ്ങളുമായി കോണ്‍ഗ്രസ് നേതൃത്വം പറഞ്ഞൊതുക്കിയിരുന്നു. എന്നാല്‍ വോട്ടെടുപ്പ് സമയത്ത് 3 ലീഗ് അംഗങ്ങള്‍ വിട്ടുനിന്നതാണു യു.ഡി.എഫിനു വിനയായത്. 
 
ഇതോടെ ഒരു വോട്ടിനു കോണ്‍ഗ്രസ് അംഗം മോഹനന്‍ പരാജയപ്പെടുകയും ചെയ്തു. കൂടുതല്‍ അംഗങ്ങളുള്ള ലീഗിലെ അബ്ദുള്‍ റഹിമാനെ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥി ആക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു 3 ലീഗ് അംഗങ്ങള്‍ പണികൊടുത്തത്.
 
33 അംഗ കൌണ്‍സിലില്‍ സി.പി.എമ്മിലെ അശോകനു 13 വോട്ടുകള്‍ ലഭിച്ചപ്പോള്‍ കോണ്‍ഗ്രസിലെ മോഹനനു 12 വോട്ടും ലഭിച്ചു. എന്നാല്‍ ബി.ജെ.പി യിലെ 5 അംഗങ്ങളും വോട്ടിംഗില്‍ നിന്ന് വിട്ടുനിന്നിരുന്നു. ലീഗിനു 10 അംഗങ്ങള്‍ ഉണ്ടായിരുന്നതില്‍ 7 പേര്‍ മാത്രമായിരുന്നു വോട്ട് ചെയ്തത്. കോണ്‍ഗസിലെ 5 അംഗങ്ങളും മോഹനനു വോട്ടു ചെയ്തു.