കോണ്‍ഗ്രസിനുള്ളിലെ ചില ശക്തികള്‍ പാര്‍ട്ടിക്കെതിരെ പ്രവര്‍ത്തിച്ചു; പികെ രാഗേഷ് മനസാക്ഷിയില്ലാത്തവന്‍- സുധാകരന്‍

Webdunia
വെള്ളി, 20 നവം‌ബര്‍ 2015 (11:41 IST)
കണ്ണൂർ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് വോട്ട് ചെയ്‌ത് യുഡിഎഫിന് ഭരണ നഷ്‌ടപ്പെടുത്തിയ കോൺഗ്രസ് വിമതന്‍ പികെ രാഗേഷിനെതിരെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശനം ഉന്നയിച്ചു കെ സുധാകരന്‍ രംഗത്ത്. രാഗേഷ് മനസാക്ഷിയില്ലാത്തവനാണ്. കോണ്‍ഗ്രസിനുള്ളിലെ ചില ശക്തികളാണ് രാഗേഷിന്റെ പിന്നിലുള്ളത്. അവര്‍ ആരാണെന്നും തുറന്നു പറയാന്‍ ബുദ്ധിമുട്ടുണ്ട് അതിനാല്‍ പാര്‍ട്ടിയില്‍ മാത്രമെ ആ കാര്യം വെളിപ്പെടുത്താന്‍ കഴിയുകയുള്ളുവെന്നും സുധാകരന്‍ പറഞ്ഞു.

കോണ്‍ഗ്രസിന്റെ മൂന്നു സീറ്റുകള്‍ രാഗേഷ് നഷ്ടപ്പെടുത്തിയ നസാക്ഷിയില്ലാത്തവനാണ് രാഗേഷ്. പുരയ്ക്ക് മുകളിൽ ചാഞ്ഞ മരം വെട്ടുന്നത് സ്വാഭാവികമാണ്. പാര്‍ട്ടിക്ക് ഉള്‍ക്കൊള്ളാവുന്ന ആവശ്യങ്ങളല്ല രാഗേഷ് ഉന്നയിച്ചത്. രാഗേഷിനെ ഹീറോ ആക്കിയത് മാധ്യമങ്ങളാണ്. ഇടതു നേതാക്കളുമായി രാഗേഷ് ചര്‍ച്ച നടത്തിയ ശേഷമാണ് ചുവടുമാറ്റം നടത്തിയതെന്നും സുധാകരന്‍ പറഞ്ഞു.

പാര്‍ട്ടിയില്‍ തനിക്കൊരു സ്ഥാനവുമില്ല. പി രാമകൃഷ്ണന്റെ കാര്യങ്ങള്‍ സംസാരിക്കാന്‍ തനിക്ക് താല്‍പ്പര്യമില്ല. അദ്ദേഹത്തിന്റെ പ്രസ്‌താവനകള്‍ തനിക്ക് മാനക്കേട് ഉണ്ടാക്കിയിട്ടുണ്ട്. രാമകൃഷ്‌ണനെ വിലയിരുത്തേണ്ടത് പാർട്ടി നേതൃത്വമാണ്. പാര്‍ട്ടിയില്‍ ഒരു സ്ഥാനവും തനിക്ക് ആവശ്യമില്ല. എവിടെ ചെന്നാലും ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എന്ന പദവി ലഭിക്കാറുണ്ടെന്നും സുധാകരൻ പറഞ്ഞു.

സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ എംഎം ഹസന്‍ സംശയം പ്രകടിപ്പിച്ചത് ശരിയായില്ല. അതിനെതിരെ കെപിസിസിക്ക് പരാതി നല്‍കും. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെ തള്ളിക്കളയുകയാണ്. കെപിസിസിയുടെ നിര്‍ദേശം അനുസരിച്ചാണ് താന്‍ പ്രവര്‍ത്തിച്ചതെന്നും സുധാകരന്‍ പറഞ്ഞു.