കണ്ണൂരില്‍ വീണ്ടും ബോംബ് രാഷ്ട്രീയം

Webdunia
വ്യാഴം, 8 മെയ് 2014 (14:03 IST)
ഇടവേളകള്‍ക്ക് ശേഷം കണ്ണൂരില്‍ വീണ്ടും ബോംബ് രാഷ്ട്രീയം തലപൊക്കുന്നു. കഴിഞ്ഞ ദിവസം സിപി‌എം പ്രവര്‍ത്തകന്റെ വീടിനു നേരേ ബോംബേറ് ബോംബേറ് നടന്നതായാണ് വിവരം. തലശേരി കൊളശേരി തബലമുക്കില്‍ കൊല്ലുന്നുമ്മല്‍ വീട്ടില്‍ രാജന്റെ വീടിനു നേരേയാണ്‌ ബോംബേറുണ്ടായത്‌.

ശിവകൂലോത്ത്‌ ക്ഷേത്രത്തിനു സമീപം ഈ വീട്ടിലേക്ക് എറിഞ്ഞ ബോംബ് പക്ഷെ പൊട്ടിയില്ല. വീടിനു നേരേ എറിഞ്ഞ ബോംബ്‌ ചെടിയില്‍ കുടുങ്ങി മുറ്റത്തുവീഴുകയായിരുന്നു. അതിനലാകാം ഇത് പൊട്ടതിരുന്നതെന്ന് പൊലീസ് പറഞ്ഞു. വീടിന്റെ മുറ്റത്ത്‌ നിന്നും പൊട്ടാത്ത ഐസ്ക്രീം ബോംബ്‌ പോലീസ്‌ കണ്ടെടുത്തു.

മറ്റുബോംബുകളില്‍ നിന്ന് വ്യത്യസ്തമായി മഴക്കാലത്തും ഉപയോഗിക്കാന്‍ പറ്റുന്ന രീതിയില്‍ നിര്‍മിച്ച ഐസ്ക്രീം ബോംബാണ്‌ ഇതെന്നും പോലീസ്‌ പറഞ്ഞു. രാവിലെ ഏഴോടെ ബോംബ്‌ ശ്രദ്ധയില്‍പ്പെട്ട ഗൃഹനാഥന്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

എന്നാല്‍ എപ്പൊഴാണ് സംഭവം നടന്നതെന്ന് പൊലീസ് തീര്‍ച്ചപ്പെടുത്തിയിട്ടില്ല. തലശേരി പ്രിന്‍സിപ്പല്‍ എസ്‌ഐ സുരേന്ദ്രന്‍ കല്യാടന്റെ നേതൃത്വത്തിലുള്ള പോലീസ്‌ സംഘം സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.