കണ്ണൂര്‍ വിമാനത്താവളത്തില്‍ ഡിസംബറില്‍ വിമാനമിറങ്ങും: മന്ത്രി കെ. ബാബു

Webdunia
വെള്ളി, 22 മെയ് 2015 (19:11 IST)
കണ്ണൂര്‍ വിമാനത്താവളത്തിനായി ബാങ്കുകളുടെ കണ്‍സോര്‍ഷ്യവുമായി വായ്പ കരാര്‍ ഒപ്പിട്ടതായും ഡിസംബര്‍ 31 ഓടെ കണ്ണൂര്‍ വിമാനത്താവളത്തില്‍ വിമാനമിറങ്ങുമെന്ന് മന്ത്രി കെ. ബാബു പറഞ്ഞു. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിനായി ബാങ്കുകളുടെ കണ്‍സോര്‍ഷ്യവുമായി വായ്പ കരാര്‍ ഒപ്പിടുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വളരെവേഗത്തില്‍ നിര്‍മാണം പുരോഗമിക്കുന്ന സര്‍ക്കാരിന്റെ സുപ്രധാനപദ്ധതിയാണ് കണ്ണൂര്‍ വിമാനത്താവളം എന്നും റണ്‍വേ നിര്‍മാണം 55 ശതമാനവും ടെര്‍മിനല്‍ 35 ശതമാനവും പൂര്‍ത്തിയായിട്ടുണ്ട്. 2016 മേയ് മാസത്തില്‍ വാണിജ്യാടിസ്ഥാനത്തില്‍ സര്‍വീസ് നടത്താന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. 1892 കോടി നിര്‍മാണചെലവുള്ള പദ്ധതിക്ക് 1000 കോടി ഓഹരി ഇനത്തിലും 892 കോടി ബാങ്ക് വായ്പ വഴിയുമാണ് സമാഹരിക്കുന്നത്.

ബാങ്കര്‍മാരുടെ യോഗം വിളിച്ചപ്പോള്‍ വായ്പ നല്‍കാന്‍ ബാങ്കുകള്‍ തമ്മില്‍ മല്‍സരമായിരുന്നു. വിമാനത്താവള പദ്ധതിയുടെ സാധ്യതകള്‍ ബോധ്യപ്പെട്ടതിനാലാണ് ബാങ്കുകള്‍ വായ്പ നല്‍കാന്‍ പൂര്‍ണമനസ്സോടെ മുന്നോട്ടുവന്നത്. കേരള സര്‍ക്കാരിന് 35 ശതമാനം ഓഹരി പങ്കാളിത്തമാണുള്ളത്. കേന്ദ്ര, സംസ്ഥാന പൊതുമേഖലാസ്ഥാപനങ്ങളുടെ ഓഹരി പങ്കാളിത്തമുണ്ട്. 260 കോടി രൂപയുടെ പങ്കാളിത്തം അറിയിച്ചിരുന്ന എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ, ആദ്യഘട്ടമായി 130 കോടി നല്‍കുന്നതിന്റെ ധാരണാപത്രം ഉടന്‍ ഒപ്പുവെക്കും എന്നും അദ്ദേഹം പറഞ്ഞു.  

2061 ഏക്കര്‍ ഭൂമിയില്‍ വിഭവനം ചെയ്യുന്ന വിമാനത്താവളത്തില്‍ ആദ്യഘട്ടത്തില്‍ 3050 മീറ്ററും രണ്ടാംഘട്ടത്തില്‍ 3400 മീറ്ററും റണ്‍വേയാണ് ഉദ്ദേശിക്കുന്നത്. 75000 സ്‌ക്വയര്‍ മീറ്റര്‍ വിസ്തീര്‍ണമുള്ള ടെര്‍മിനല്‍ ബില്‍ഡിംഗാണ് ഒരുക്കുന്നത്. 20 വിമാനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ സൗകര്യമുള്ള ഏപ്രണ്‍ വിമാനത്താവളത്തിനുണ്ടാകും എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.