സമരക്കാരെ എന്തിനാണ് തല്ലിച്ചതയ്‌ക്കുന്നത് ?; പ്രതിഷേധക്കാരെ ചോരയിൽ മുക്കികൊല്ലുന്ന മുന്നണിയല്ല എൽഡിഎഫ് ​– കാനം

Webdunia
ചൊവ്വ, 20 ജൂണ്‍ 2017 (11:57 IST)
ജനകീയ സമരങ്ങളെ ചോരയിൽ മുക്കി കൊല്ലാമെന്ന്​ കരുതുന്ന രാഷ്ട്രീയ മുന്നണിയല്ല ഇടതുപക്ഷ ജനാധിപത്യ മുന്നണിയെന്ന് സിപി​ഐ സംസ്ഥാന അധ്യക്ഷൻ കാനം രാജേന്ദ്രൻ. പുതുവൈപ്പിലെ ജനകീയ സമരത്തിനെതിരായ പൊലീസ്​ നടപടിക്കെതിരെയാണ് കാനം ഫേസ്ബുക്ക് പോസ്‌റ്റിലൂടെ നയം വ്യക്തമാക്കിയിരിക്കുന്നത്.

കാനം രാജേന്ദ്രന്റെ ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂര്‍ണ്ണരൂപം:-

ജനകീയ സമരങ്ങളെ ചോരയിൽ മുക്കി കൊല്ലാം എന്ന് കരുതുന്ന രാഷ്ട്രീയ മുന്നണി അല്ല ഇടതുപക്ഷ ജനാധിപത്യ മുന്നണി. കഴിഞ്ഞ യു ഡി എഫ് സർക്കാരിനെതിരെ നടന്ന ജനകീയ സമരങ്ങളാണ് കേരളത്തിൽ ഇടതുപക്ഷ ഭരണത്തിന് വഴി ഒരുക്കിയത്.

ഐ ഓ സി പ്ലാന്റിന് സംരക്ഷണം നൽകാൻ കോടതി നിർദേശം ഉള്ളത് കൊണ്ടാണ് സമരത്തെ നേരിടുന്നത് എന്ന് പറയുന്ന പോലീസ് മറൈൻ ഡ്രൈവിൽ പ്രകടനം നടത്തുന്ന സമരക്കാരെ എന്തിനാണ് തല്ലി ചതക്കുന്നത് ? സ്ത്രീകളെയും കുട്ടികളെയും തല്ലി ചതക്കുകയും, പ്രായമായവരെ പോലും പിന്നാലെ ചെന്ന് ലാത്തി ചാർജ് നടത്തുകയും ചെയ്യുന്നതിനെ നരനായാട്ട് എന്നല്ലാതെ എന്താണ് പറയുക ? സമരത്തിൽ പങ്കെടുത്ത് അറസ്റ്റിലായ 63 പേരും വൈപ്പിൻ കാർ ആണ്.

പദ്ധതിയിൽ ജനങ്ങൾക്ക് ആശങ്ക ഉണ്ട് .അവരുടെ ആശങ്ക ദൂരീകരിക്കാൻ സർക്കാരിന് ബാധ്യത ഉണ്ട് . പ്ലാന്റ് വരുന്നു എന്നറിഞ്ഞ സമയം മുതൽ അവിടെ ഉള്ള ജനങ്ങൾ നിയമ വഴിയിലൂടെയുള്ള പോരാട്ടത്തിൽ ആയിരുന്നു . ഇപ്പോൾ മൂന്ന് മാസക്കാലമായി അവിടെ പ്രത്യക്ഷ സമരം തുടങ്ങിയിട്ട് . സമരത്തിന് തീവ്രവാദ ബന്ധം ഉണ്ടെന്നു പറഞ്ഞു തങ്ങളുടെ ഭാഗം ന്യായീകരിക്കാൻ ഉള്ള ശ്രമം ആണ് പോലീസ് നടത്തുന്നത് . ഇന്ന് സമര പന്തലിൽ അവരെ കാണാനും അവരോട് സംസാരിക്കാനുമായി അവിടേക്ക് പോകുന്നുണ്ട് ....
Next Article