സിപിഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ആര്‍എസ്‌എസ് പ്രചാരണം നടത്തരുതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന്‍. കേരളത്തില്‍ ന്യൂനപക്ഷം ഭൂരിപക്ഷമായി മാറുകയാണെന്നും ഇടതുപക്ഷത്തിന്റെ മത നിരപേക്ഷ നിലപാടില്‍ സംശയമുണ്ടെന്നും സിപിഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇതിനുള്ള മറുപടി പറയുകയായിരുന്നു അദ്ദേഹം.
ഇടത് പാര്‍ട്ടികള്‍ ന്യൂനപക്ഷ പ്രീണനം നടത്തുന്നു എന്നത് ആര്‍എസ്‌എസ് പ്രചാരണമാണ്. ആ പ്രചാരണം ഇടത് പാര്‍ട്ടികള്‍ ഏറ്റെടുക്കുന്നത് ഇടതു മുന്നേറ്റത്തിന് തിരിച്ചടിയാകുമെന്നും കോടിയേരി മുന്നറിയിപ്പ് നല്‍കി.മത ന്യൂനപക്ഷങ്ങളുടെ മാത്രം താല്‍പര്യം സംരക്ഷിക്കുന്നതിനാണ് ഇടതുപക്ഷത്തിന്റെ മത നിരപേക്ഷതയെന്ന് സംശയിക്കുന്നതായും ഭൂരിപക്ഷം അങ്ങനെ ചിന്തിച്ചാല്‍ തെറ്റുപറയാന്‍ ആകില്ലെന്നും കാനം പറഞ്ഞിരുന്നു. കാനത്തിന്റെ വാക്കുകള്‍ സംഘപരിവാര്‍ ഏറ്റെടുക്കുകയും മാധ്യമങ്ങളില്‍ ചര്‍ച്ചയാകുകയും ചെയ്തിരുന്നു.