മാണിക്കെതിരെ സിപിഐ; അഴിമതിക്കാരെ ഒപ്പം കൂട്ടുന്നത് ജനം അംഗീകരിക്കില്ലെന്ന് കാനം

Webdunia
ബുധന്‍, 24 ഓഗസ്റ്റ് 2016 (17:33 IST)
ഇടതുവിളി കാതോര്‍ത്തിരിക്കുന്ന കേരളാ കോണ്‍ഗ്രസിനെതിരെ (എം) സിപിഐ റിപ്പോർട്ട്. കേരളാ  കോൺഗ്രസിന്റെ പ്രശ്നാധിഷ്ഠിത പിന്തുണ തേടേണ്ട കാര്യം ഇപ്പോഴില്ല. അഴിമതിക്കെതിരെയുള്ള വിധിയെഴുത്തായിരുന്നു ഇടതുപക്ഷത്തിന്റെ വിജയമെന്നും പാർട്ടി ആസ്‌ഥാനമായ എംഎൻ സ്മാരകത്തിൽ ചേർന്ന നിർവാഹക സമിതി യോഗത്തില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

സെക്രട്ടറി കാനം രാജേന്ദ്രൻ അവതരിപ്പിച്ച റിപ്പോർട്ടിലാണ് കെഎം മാണിക്കെതിരെ രൂക്ഷ വിമര്‍ശനമുയര്‍ന്നത്. അഴിമതിക്കാരെ ഒപ്പം കൂട്ടുന്നത് ജനം അംഗീകരിക്കില്ല. തെരഞ്ഞെടുപ്പിലെ ജയം അഴിമതിക്കെതിരെയുള്ള വിധിയെഴുത്ത് കൂടിയായിരുന്നുവെന്നും കാനം രാജേന്ദ്രൻ അവതരിപ്പിച്ച റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു.

നേരത്തെ കേരള കോൺഗ്രസുമായി പ്രശ്നാധിഷ്ഠിത സഹകരണമാകാമെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വ്യക്‌തമാക്കിയിരുന്നു. ഇതിനൊപ്പം മാണിയെ വരവിനെ അനുകൂലിച്ച് പാര്‍ട്ടി പത്രത്തില്‍ ലേഖനവും വന്നിരുന്നു.

എന്നാൽ ഇതിനെതിരെ അന്നുതന്നെ സിപിഐ രംഗത്തെത്തു വന്നിരുന്നു. മാണിക്കെതിരെയും കേരളാ കോണ്‍ഗ്രസിനെതിരെയും കടുത്ത ഭാഷയില്‍ സിപിഐ വിമര്‍ശിക്കുകയും ചെയ്‌തിരുന്നു.
Next Article