സ്വത്തു തര്‍ക്കവുമായി ബന്ധപ്പെട്ട് അമ്മയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ മകന്‍ അറസ്‌റ്റില്‍. കല്‍പകഞ്ചേരി വരമ്പനാല സ്വദേശി മൊയ്‌തീനെയാണ് പൊലീസ് അറസ്‌റ്റ് ചെയ്‌തത്. കഴിഞ്ഞ ദിവസം വൈകിട്ടാണ് മൊയ്‌തീന്‍ അമ്മയായ പാത്തുമ്മുവിനെ കുത്തിക്കൊലപ്പെടുത്തിയത്.
ഭര്‍ത്താവ് മരിച്ചതിനുശേഷം പാത്തുമ്മുവിനെ സംരക്ഷിക്കാമെന്ന് പറഞ്ഞ് മകന്‍ മൊയ്‌തീന്‍ അമ്മയുടെ പേരിലുള്ള സ്‌ഥലം തന്റെ പേരിലേക്ക് വാങ്ങി. അതിനുശേഷം മകന്‍ സംരക്ഷിക്കാതായതോടെ പാത്തുമ്മു നാട്ടുകാരുടെ സംരക്ഷണത്തിലായിരുന്നു കഴിഞ്ഞിരുന്നത്. ഇതിനിടെ ചെലവിനുള്ള തുക തനിക്ക് ലഭിക്കണമെന്ന് ആവശ്യപ്പെട്ട് പാത്തുമ്മു കോടതിയില്‍ പരാതിയും നല്‍കി.
ഇതേതുടര്‍ന്ന് കഴിഞ്ഞ ദിവസം കോടതിയില്‍ ഇരുവരും ഹാജരായി. പാത്തുമ്മുവിനെ സംരക്ഷിച്ചുകൊള്ളാമെന്ന് മൊയ്‌തീന്‍ കോടതിയില്‍ സമ്മതിച്ചു. എന്നാല്‍ വീട്ടില്‍ എത്തിയ ഉടന്‍ തന്നെ ഇരുവരും തമ്മില്‍ തര്‍ക്കമാരംഭിച്ചു. തര്‍ക്കത്തെ തുടര്‍ന്ന് മൊയ്‌തീനൊപ്പം കഴിയാനാവില്ലെന്ന് പറഞ്ഞ് പാത്തുമ്മു വീട്ടില്‍ നിന്ന് ഇറങ്ങിപോരുകയായിരുന്നു. എന്നാല്‍ കത്തിയുമായി പിറകെയെത്തിയ മൊയ്‌തീന്‍ അമ്മയായ പാത്തുമ്മുവിനെ കുത്തി കൊലപ്പെടുത്തുകയായിരുന്നു.