ശരീരത്തില്‍ വിഷാംശം: കലാഭവന്‍ മണിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്‌തു

Webdunia
തിങ്കള്‍, 7 മാര്‍ച്ച് 2016 (09:49 IST)
കഴിഞ്ഞദിവസം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ അന്തരിച്ച നടന്‍ കലാഭവന്‍ മണിയുടെ മൃതദേഹത്തിന്റെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ആരംഭിച്ചു. തൃശൂര്‍ മെഡിക്കല്‍ കോളജിലാണ് പോസ്റ്റ്‌മോര്‍ട്ടം നടക്കുന്നത്. മണിയുടെ ശരീരത്തില്‍ വിഷാംശം കണ്ടെത്തിയെന്ന് അദ്ദേഹത്തെ ചികിത്സിച്ച ഡോക്‌ടര്‍മാര്‍ പൊലീസിനെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ തീരുമാനിച്ചത്.
 
അതേസമയം, അസ്വാഭാവികമരണത്തിന് ചാലക്കുടി പൊലീസ് കേസെടുത്തിട്ടുണ്ട്. മണിയുടെ വീടിന്റെ ഔട്ട് ഹൗസില്‍ പൊലീസ് പരിശോധന നടത്തുകയും ചെയ്തു. അമിതമായി മെഥനോളിന്റെ അംശം ശരീരത്തില്‍ കണ്ടത്തെിയെന്ന് ഡോക്ടര്‍ വ്യക്തമാക്കിയതിനെ തുടര്‍ന്ന് ഞായറാഴ്ച ഉച്ചയോടെ തന്നെ ആശുപത്രി അധികൃതര്‍ ഇക്കാര്യം ചേരാനല്ലൂര്‍ പൊലീസിനെ അറിയിച്ചിരുന്നു.
 
മെഥനോള്‍ കലര്‍ന്ന മദ്യം കഴിച്ചാണ് മണി അവശനിലയിലായതെന്നാണ് പ്രാഥമികനിഗമനം. അവശനിലയിലായ മണിയെ ആദ്യം ചാലക്കുടി ആശുപത്രിയിലായിരുന്നു എത്തിച്ചത്. അവിടെ നിന്നാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. കരള്‍ രോഗിയായിരുന്നെങ്കിലും അതുമായി ബന്ധമില്ലാത്ത രോഗങ്ങളും പരിശോധനയില്‍ കണ്ടത്തെിയിരുന്നു.